എടപ്പാൾ: തെരുവുനായ കുറുകെച്ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് തീർത്ഥാടകരുടെ ബസ്സിലിടിച്ച് യുവാവ് മരിച്ചു. എടപ്പാൾ പുള്ളുവൻപടിയിൽ മേലേതിൽ മുഹമ്മദ് ഫാസിൽ (19) ആണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച പുലർച്ചെ 12.30-നാണ് അപകടം ഉണ്ടായത്. എടപ്പാളിലെ ഹോട്ടലിലെ ജോലികഴിഞ്ഞ് മാണൂരിലുള്ള സുഹൃത്തിനെ വീട്ടിലാക്കിയശേഷം തിരികെ പുള്ളുവൻപടിയിലെ വാടകവീട്ടിലേക്കു വരുമ്പോൽ കണ്ടനകം കെ.എസ്.ആർ.ടി.സി. ബോഡി ബിൽഡിങ് യൂണിറ്റിന് മുൻവശത്താണ് അപകടം.

റോഡരികിൽനിന്ന് കുതിച്ചുചാടിയ തെരുവുനായയെ തട്ടിയതോടെ നിയന്ത്രണംവിട്ട ബൈക്ക് എതിരേ വരുകയായിരുന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സിന്റെ മുന്നിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാവിൽപ്പടിയിൽ സ്വന്തം വീടുപണി നടക്കുന്നതിനാൽ കുറച്ചുകാലമായി ഇവർ പുള്ളുവൻപടിയിലായിരുന്നു താമസം. പുതിയ വീടിന്റെ നിർമ്മാണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടിയിലാണ് ഫാസിലിന്റെ വിയോഗം.

അപകടംനടന്ന സ്ഥലത്ത് നേരത്തേയും തെരുവുനായ കുറുകെച്ചാടി അപകടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ പ്രവർത്തിക്കുന്ന ചിക്കൻകടയെചുറ്റിപ്പറ്റി തെരുവുനായക്കൂട്ടം രൂപപ്പെട്ടതാണ് ഇതിനുകാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൊന്നാനി പൊലീസ് നടത്തിയ പരിശോധനകൾക്കുശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുനൽകി. മുഹമ്മദലിയാണ് ഫാസിലിന്റെ പിതാവ്. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഫസ്ന, മുഹമ്മദ് ഫാരിസ്.