- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ ശർക്കരയ്ക്ക് ക്ഷാമം; അരവണയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി
ശബരിമല: ശബരിമലയിൽ ശർക്കരയുടെ ക്ഷാമം നേരിട്ടതിനെ തുടർന്ന് ശനിയാഴ്ച രാവിലെ അരവണ ഉത്പാദനം മുടങ്ങി. തുടർന്ന്, ഭക്തർക്ക് അരവണ നൽകുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് കൗണ്ടറിൽനിന്ന് അഞ്ച് ടിൻ അരവണ മാത്രമേ നൽകുന്നുള്ളൂ. രണ്ടുലക്ഷത്തി എഴുപതിനായിരം ടിൻ അരവണയാണ് ദിനംപ്രതി തയ്യാറാക്കിയിരുന്നത്.
മണ്ഡലപൂജ നടക്കുന്ന 27 വരെ നൽകാനുള്ള അപ്പത്തിന്റെയും അരവണയുടെയും ഉത്പാദനം പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, ശർക്കരയുടെ ദൗർലഭ്യമാണ് ഇപ്പോഴത്തെ നിയന്ത്രണത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ ശർക്കരയെത്തിക്കാൻ കരാറുകാരനോട് ബോർഡ് നിർദേശിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ്, അധികം ശർക്കര ശേഖരിക്കുന്നതിനായി ടെൻഡറും വിളിച്ചു. വരുംദിവസങ്ങളിൽ ഭക്തരുടെ തിരക്കുകൂടുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അരവണയുടെ കരുതൽശേഖരം കൂട്ടേണ്ടതുണ്ട്.
മകരവിളക്കുകാലത്തേക്ക് അരവണ സംഭരിക്കുന്നതിനായി മണ്ഡലപൂജയ്ക്ക് നടയടയ്ക്കുമ്പോൾ കൂടുതൽ നിർമ്മിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചിരുന്നു. ദിനംപ്രതി നാലുലോഡ് ശർക്കരയാണ് ഇപ്പോൾ എത്തിക്കുന്നത്. ഏകദേശം മൂന്നേകാൽ ലക്ഷം ടിൻ അരവണയാണ് പ്രതിദിനം ഭക്തർക്ക് നൽകുന്നത്. ഉടൻ കൂടുതൽ ശർക്കര എത്തിച്ച് ആവശ്യത്തിനുള്ള അരവണ തയ്യാറാക്കിത്തുടങ്ങുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.



