ആലുവ: രാഷ്ട്രപിതാവിന്റൈ പ്രതിമയിൽ കൂളിങ് ഗ്ലാസ് വെച്ച് അപമാനിച്ച സംഭവത്തിൽ എസ്എഫ്‌ഐ നേതാവിനെതിരെ കേസ് എടുത്തു. ചൂണ്ടി ഭാരത്മാത ലോ കോളജ് അവസാനവർഷ വിദ്യാർത്ഥിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ അദീൻ നാസറിനെതിരെ (25) ആണ് എടത്തല പൊലീസ് കേസെടുത്തത്. മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വയ്ക്കുകയും മാല അണിയിക്കുകയും ആയിരുന്നു.

കെഎസ്‌യു സംസ്ഥാന സെക്രട്ടറി അൽ അമീന്റെ പരാതിയിലാണു നടപടി. ഇക്കഴിഞ്ഞ 21നു കോളജ് ക്യാംപസിലാണു സംഭവം. മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വയ്ക്കുകയും മാല അണിയിക്കുകയും ചെയ്ത അദീൻ ഇതു മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ അദീനെതിരെ നടപടിയെടുക്കാൻ വിദ്യാർത്ഥികൾ കോളജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, അദീൻ നാസർ നിലവിൽ ഭാരവാഹിയല്ലെന്ന് എസ്എഫ്‌ഐ ആലുവ ഏരിയ കമ്മിറ്റി അറിയിച്ചു. ഒരു മാസം മുൻപ് യൂണിറ്റ് സെക്രട്ടറിയുടെ ചുമതലയിൽനിന്നു മാറ്റി. വിഡിയോ ശ്രദ്ധയിൽ പെട്ടപ്പോൾ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ട് അദീനെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചതായും അറിയിച്ചു.