മാന്നാർ: ക്രിസ്മസ് തലേന്ന് കരോൾസംഘത്തിന്റെ മർദനമേറ്റ യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരക്കുളം മഴുപാവിളയിൽ റെജി(33)ക്കാണ് കാരൾസംഘത്തിന്റെ മർദനമേറ്റത്. തലയ്ക്കും വലതുകണ്ണിനും പരിക്കേറ്റ റെജി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. റെജിയുടെ പരാതിയിൽ പ്രതികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാന്നാർ കുരട്ടിശ്ശേരി പാലപ്പറമ്പിൽ അർജുൻ (19), പാവുക്കര ചോറ്റാളപറമ്പിൽ വിജയകിരൺ (ശരവണൻ-19), വിഷവർശ്ശേരിക്കര വള്ളിവേലിൽ അശ്വിൻ (18) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. റെജിയും സുഹൃത്തുംകൂടി വള്ളക്കാലിയിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു.

ഈ സമയം ഇതുവഴി വന്ന കരോൾ സംഘം റോഡിൽ വഴക്കുകൂടുകയായിരുന്നു. വഴക്കുമതിയാക്കി പോകൂവെന്ന് റെജി ഇവരോടു പറഞ്ഞതിനെത്തുടർന്നാണ് പ്രതികൾ റെജിയെ മർദിച്ചത്. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡുചെയ്തു.