- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഡല്ലൂരിൽ കുറഞ്ഞവിലയ്ക്ക് ഭൂമി നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി; ശേഷം ഹരിപ്പാട് സ്വദേശികളെ ഭീഷണിപ്പെടുത്തി പണവും കാറും തട്ടിയെടുത്തു; തമിഴ്‌നാട് സ്വദേശികളായ ഏഴുപേർ അറസ്റ്റിൽ
കുമളി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഗൂഡല്ലൂരിൽ കുറഞ്ഞവിലയ്ക്ക് ഭൂമി നൽകാമെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദശികളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും കാറും തട്ടിയെടുത്ത സംഘം അറസ്റ്റിൽ. ഹരിപ്പാട് സ്വദേശികളായ നാലു പേരുടെ പരാതിയിൽ തമിഴ്‌നാടു സ്വദേശികളായ ഏഴുപേരെ പൊലീസ് പിടികൂടി. ഒളിവിൽപോയ നാലുപേർക്കായി അന്വേഷണം ഊർജിതമാക്കി.
ഗൂഡല്ലൂർ സ്വദേശികളായ മരുതുപാണ്ടി (37), ഗോവിന്ദരാജ് (46), മഹേശ്വരൻ (36), ഭാരതിരാജ (35), മഹേഷ് (41), പിച്ചൈ (65), സെൽവം (46) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ജെബിൻ ജേക്കബ് സുഹൃത്തുക്കളായ ഡാനിയേൽ, അജയ്, ജോൺസൺ എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ഗൂഡല്ലൂരിൽ കുറഞ്ഞവിലയ്ക്ക് ഭൂമി വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ചാണ് മരുതുപാണ്ടിയുടെ നേതൃത്വത്തിലുള്ളസംഘം യുവാക്കളെ കേരള-തമിഴ്‌നാട് അതിർത്തിയിലെ ലോവർ ക്യാമ്പിലേക്ക് വിളിച്ചുവരുത്തി. ശേഷം ഇവരെ മർദിച്ചു ഭീഷണിപ്പെടുത്തിയും കയ്യിലുണ്ടായിരുന്ന പണവും കാറും തട്ടിയെടുക്കുക ആിരുന്നു.
ലോവർ ക്യാന്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള പെട്രോൾപമ്പിന് സമീപം കാത്തുനിൽക്കാനാണ് യുവാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നത്. തങ്ങൾ എത്തിയകാര്യം ഇവർ അറിയിച്ചതോടെ മരുതുപാണ്ടി ഇരുചക്രവാഹനത്തിൽ സ്ഥലത്തെത്തി. അജയ്, ജോൺസൺ എന്നിവരെ കാറിൽനിന്ന് ഇറക്കി. ജെബിനെ ഇരുചക്രവാഹനത്തിന് പിന്നിൽ കയറ്റി. ഡാനിയേലിനോട് കാറുമായി പിന്നാലെ എത്താനും ആവശ്യപ്പെട്ടു. കാഞ്ചിമരത്തുറൈ എന്ന സ്ഥലത്ത് സ്വകാര്യ തോട്ടത്തിലേക്ക് കയറ്റി ഗേറ്റ് അടച്ചു.
തോട്ടത്തിൽ കാത്തുനിന്നിരുന്ന സംഘം ഇവരെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും വാച്ചും കാറിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും ബലമായി വാങ്ങിയെടുത്തു. ഒരാളുടെ എ.ടി.എം. കാർഡിൽനിന്ന് 30,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് അയപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയ സംഘം ഹരിപ്പാട് സ്വദേശികളെ വഴിയിൽ ഇറക്കിവിട്ടശേഷം കാറുമായി കടന്നു. തുടർന്ന് ഗൂഡല്ലൂർ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ഇവർ പരാതി നൽകുകയായിരുന്നു.



