തൃശ്ശൂർ: ആളൂർ പഞ്ചായത്തിൽ നിന്നും 15,000 ലിറ്റർ വ്യാജവിദേശമദ്യവും 2,380 ലിറ്റർ സ്പിരിറ്റും പൊലീസ് പിടികൂടി. പൊരുന്നംകുന്നിൽ പഞ്ചായത്ത് മുൻ അംഗത്തിന്റെ കോഴിഫാമിനോടു ചേർന്നുള്ള കെട്ടിടത്തിൽനിന്നാണ് വിദേശ മദ്യവും സ്പിരിറ്റും പിടിച്ചെടുത്തത്. സ്ഥല ഉടമ പൊരുന്നംകുന്ന് പീണിക്കൽ വീട്ടിൽ ലാലു (53), ഇടുക്കി സ്വദേശി പൊരുന്നംകുന്ന് താന്നിക്കപ്പാറ വീട്ടിൽ ലോറൻസ് (53) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.

വ്യാജ വിദേശമദ്യം അര ലിറ്ററിന്റെ 18 കുപ്പികൾ വീതമുള്ള 600 കാർഡ്‌ബോർഡ് പെട്ടികളും ഒരു ലിറ്ററിന്റെ ഒൻപത് കുപ്പികൾ വീതമുള്ള 440 പെട്ടികളുമാണ് ഉണ്ടായിരുന്നത്. വൈറ്റ് ഹോഴ്‌സ്, ക്യൂൻ സ്‌പെഷ്യൽ എന്നീ പേരുകളുള്ള ലേബലാണ് മദ്യക്കുപ്പികളിലുള്ളത്. 35 ലിറ്റർ കൊള്ളുന്ന 68 കന്നാസുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇവയെല്ലാം പൊലീസ് കണ്ടെടുത്തു. ആളൂർ പഞ്ചായത്തിൽ 2015-ൽ ബിജെപി. പഞ്ചായത്ത് അംഗമായിരുന്നു ലാലു. കോഴിഫാമും ഗോഡൗണും ലാലു വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്ന് പറയുന്നു. ഗോഡൗണിന് ഒരു ലക്ഷം രൂപയാണ് വാടകയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ഗോഡൗണിനുള്ളിലെ രഹസ്യ അറയിലായിരുന്നു സ്പിരിറ്റും മദ്യവും. അറയിലേക്ക് കടക്കാൻ ചുമരിൽ ചതുരത്തിലുള്ള ദ്വാരം ഉണ്ടാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ ഇരിങ്ങാലക്കുട, ചാലക്കുടി ഡിവൈ.എസ്‌പി.മാരുടെ നേതൃത്വത്തിൽ മഫ്തിയിൽ പല സംഘങ്ങളായി ഫാമിൽ ഒളിച്ചിരുന്ന് നിരീക്ഷണം നടത്തിയാണ് രഹസ്യസങ്കേതം കണ്ടെത്തിയത്. ബെംഗളൂരുവിൽനിന്ന് ടോറസ് ലോറിയിലാണ് മദ്യവും സ്പിരിറ്റും എത്തിച്ചിരുന്നതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ശെൽവൻ, ജോർജ് എന്നിവർക്കും ഇതിൽ പങ്കുണ്ടെന്ന് പൊലീസിന് പ്രതികളിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റുചെയ്യുമ്പോൾ ലാലുവിന്റെ ഭാര്യയും രണ്ടുകുട്ടികളും ഗോഡൗണിനു പിന്നിലെ മുറിയിലുണ്ടായിരുന്നു. പഞ്ചായത്തംഗമായിരുന്നെങ്കിലും ലാലു നിലവിൽ പാർട്ടിയിൽ സജീവമല്ലെന്നാണ് ബിജെപി. പറയുന്നത്.