- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരളാ സദസ്സിൽ പരാതിയുമായി എത്തി പത്തു വയസ്സുകാരി; നട്ടെല്ല് നിവർത്തി നൽകി തൃശൂർ മെഡിക്കൽ കോളേജ്: പെൺകുട്ടിക്ക് സൗജന്യമായി ചെയ്തു നൽകിയത് പത്ത് ലക്ഷം രൂപ ചിലവു വരുന്ന ശസ്ത്രക്രിയ
തൃശ്ശൂർ: നവകേരളാ സദസ്സിൽ പരാതിയുമായി എത്തിയ പത്തു വയസ്സുകാരിക്ക് പത്ത് ലക്ഷം രൂപയുടെ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു നൽകി. 'സ്‌കോളിയോസിസ്' എന്ന നട്ടെല്ലുവളവ് ഭേദമാക്കാൻ ചികിത്സ ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് കോഴിക്കോട് സ്വദേശിയായ പത്തുവയസ്സുകാരി സഹായംതേടി ഡിസംബർ ഒന്നിന് തൃത്താലയിൽ നടന്ന നവകേരളസദസ്സിലെത്തിയത്.
ആരോഗ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ നട്ടെല്ല് നിവർത്തി.സ്വകാര്യ ആശുപത്രികളിൽ പത്തുലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയാണിത്. കുട്ടിയുടെ ആരോഗ്യപ്രശ്‌നം ശ്രദ്ധയിൽപ്പെട്ട മന്ത്രി വീണാ ജോർജ് മെഡിക്കൽകോളേജ് ലെയ്‌സൺ ഓഫീസർ ഡോ.സി. രവീന്ദ്രനെ വിളിച്ച് ചികിത്സാസൗകര്യം ഒരുക്കാൻ നിർദേശിച്ചു. ഡിസംബർ 19-നായിരുന്നു ന്യൂറോ സർജറി വിഭാഗത്തിലെ ശസ്ത്രക്രിയ. സുഖം പ്രാപിച്ച കുട്ടി ഉടൻ ആശുപത്രി വിട്ടേക്കും.
സൗജന്യ ചികിത്സാപദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ ഇനിയും നീണ്ടുപോയാൽ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ ബാധിക്കുമായിരുന്നു. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ബി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഡോ. ജിതിൻ, ഡോ. ജിയോ സെനിൽ, ഡോ. കൃഷ്ണകുമാർ, ഡോ. അനന്തു, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. ബാബുരാജിന്റെ നേതൃത്വത്തിൽ ഡോ. ബിന്ദു, ഡോ. സുനിൽ കുമാർ, ഡോ. സെലീന, ഡോ. അഞ്ജു, സ്റ്റാഫ് നഴ്സുമാരായ സരിത, ദീപ്തി എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.



