- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടയപ്പയുടെനേരേ ജീപ്പ് ഓടിച്ചുകയറ്റി പ്രകോപിപ്പിക്കാൻ ശ്രമം; വാഹനം പിടിച്ചെടുത്തു
മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പയുടെനേരേ ജീപ്പ് ഓടിച്ചുകയറ്റി പ്രകോപിപ്പിക്കാൻ യുവാക്കളുടെ ശ്രമം. ജീപ്പിലെത്തിയ യുവാക്കളാണ് ആനയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. ജീപ്പിന് നേരേ ആന ചിഹ്നം വിളിച്ചെങ്കിലും ആക്രമിക്കാൻ ശ്രമിച്ചില്ല. വാഹനം വനംവകുപ്പ് മൂന്നാർ റെയ്ഞ്ച് ഓഫീസർ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി 11-ന് ചൊക്കനാട് എസ്റ്റേറ്റ് വട്ടക്കാട് ഡിവിഷനിലാണ് സംഭവം.
എസ്റ്റേറ്റിലെ ഉത്സവത്തിനായി വാഴകൾകൊണ്ട് അലങ്കരിച്ചിരുന്നു. ഇത് തിന്നുന്നതിനാണ് പടയപ്പയെത്തിയത്. പാതയോരത്ത് ശാന്തനായിനിന്ന് വാഴ തിന്നുകൊണ്ടിരുന്ന പടയപ്പയെ ജീപ്പിലെത്തിയ സംഘം പ്രകോപിപ്പിക്കുക ആയിരുന്നു. വാഹനത്തിന് കടന്നുപോകാൻ റോഡിൽ സ്ഥലമുണ്ടായിരുന്നെങ്കിലും ജീപ്പ് നിർത്തിയതിനുശേഷം വീണ്ടും ഇരപ്പിച്ച് പലതവണ മുമ്പോട്ടും പിന്നോട്ടും എടുക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ വാഹനം മുമ്പോട്ട് എടുക്കരുതെന്ന് പറഞ്ഞെങ്കിലും ജീപ്പിലെത്തിയവർ അതിന് തയ്യാറായില്ല. ഇവരുടെ ജീപ്പ് വനംവകുപ്പ് പിടിച്ചെടുത്തു. വട്ടക്കാട് സ്വദേശികളായ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇത്തരത്തിൽ പ്രവർത്തിക്കുന്നവരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്നും മൂന്നുവർഷം തടവും മൂന്നുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യവും ആണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.



