ഡൽഹി: ചെക്ക് ഇൻ ചെയ്തിട്ടും വിമാനത്തിൽ കയറാതെ എയർപോർട്ടിൽ ചുറ്റിത്തിരിഞ്ഞ യാത്രക്കാരനെ പിടികൂടിയപ്പോൾ തെളിഞ്ഞത് മനുഷ്യക്കടത്ത്. വിമാനത്താവളത്തിലെ ജീവനക്കാരുടെ സഹായത്താൽ വ്യാജ രേഖകളുപയോഗിച്ച് മനുഷ്യരെ വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്ന ഒരു വൻ സംഘമത്തിലെ കണ്ണികളാണ് ബുധനാഴ്ച ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. വിശദമായ അന്വേഷണത്തിൽ എയർ ഇന്ത്യയിലെ നാല് ജീവനക്കാരുൾപ്പെടെ അറസ്റ്റിലാവുകയും ചെയ്തു.

വിമാനത്താവളങ്ങളിലെയും വിമാനങ്ങളിലെയും ജീവനക്കാരുടെ സഹായതതോടെയാണ് വൻ തട്ടിപ്പ് നടന്നത്. ബിർമിങ്ഹാമിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാൻ വിമാനത്താവളത്തിലെത്തി, ബോർഡിങ് പാസ് വാങ്ങിയിരുന്ന ഒരു യാത്രക്കാരൻ വിമാനത്തിൽ കയറാതിരുന്നതിനെ തുടർന്നുള്ള അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. ചെക്ക് ഇൻ ചെയ്ത ഈ യാത്രക്കാരൻ കയറാതെയാണ് വിമാനം പുറപ്പെട്ടതെന്നുമുള്ള സന്ദേശം സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. മൂന്നാം ടെർമിനലിൽ നിന്ന് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ വിമാനത്തിൽ കയറാതിരിക്കാനുള്ള വിശ്വസനീയമായ കാരണങ്ങളൊന്നും ഇയാൾ പറഞ്ഞതുമില്ല. വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ലേഗേജിലും മറ്റും സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതോടെയാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയത് മുതലുള്ള നീക്കങ്ങൾ സിസിടിവി ദൃശ്യങ്ങളിലൂടെ പരിശോധിച്ചത്. ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കിയ ശേഷം എമിഗ്രേഷൻ കൗണ്ടറിലെത്തിയ ഇയാളെ സംശയം കാരണം അവിടെ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. സംശയം കാരണം ബന്ധപ്പെട്ട വിമാനക്കമ്പനി ജീവനക്കാരനെ വിളിച്ചുകൊണ്ടുവരാൻ ഉദ്യോഗസ്ഥർ ഇയാളോട് പറയുകയായിരുന്നു. എന്നാൽ ഇയാൾ ചെക്ക് ഇൻ കൗണ്ടറിലേക്ക് തിരികെ പോവുകയോ എമിഗ്രേഷൻ കൗണ്ടറിലേക്ക് പിന്നീട് വരികയോ ചെയ്തില്ല. പകരം വിമാനത്താവളത്തിൽ ചുറ്റിത്തിരിഞ്ഞു നടന്നു.

വീണ്ടും പിന്നിലേക്ക് ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാളുടെ ചെക്ക് ഇൻ നടപടികൾ ശരിയായ കൗണ്ടറിലൂടെ അല്ല നടന്നതെന്നും, റോഹൻ വർമ എന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥൻ ഇയാളുടെ കൈവശമുള്ള വ്യാജ രേഖകൾ പരിശോധിച്ചെന്ന് വരുത്തി ചെക്ക് ഇൻ പൂർത്തിയാക്കി നൽകുകയായിരുന്നു എന്നും കണ്ടെത്തി. കപ്പലുകളിൽ മാത്രം ജോലി ചെയ്യാനുള്ള ഒരു അനുമതിപത്രം ഉപയോഗിച്ചാണ് ഇയാൾ യാത്ര ചെയ്യാൻ ശ്രമിച്ചത്. എന്നാൽ വിമാനക്കമ്പനി ജീവനക്കാരൻ ഇത് പരിശോധിച്ച് മാനുവലായി ചെക്ക് ഇൻ നൽകുകയായിരുന്നു.

വ്യാജ രേഖകളുമായി എത്തിയ മൂന്ന് യാത്രക്കാരെ ഇങ്ങനെ കയറ്റിവിട്ടെന്ന് ചോദ്യം ചെയ്തപ്പോൾ രോഹൻ വർമ പറഞ്ഞു. തന്റെ സഹപ്രവർത്തകനായ മുഹമ്മദ് ജഹാംഗിർ എന്നയാൾ ഇതിന് പണം നൽകിയെന്നും രോഹൻ അറിയിച്ചു. ജഹാംഗിറിനെ പിടികൂടി പരിശോധിച്ചപ്പോൾ തനിക്ക് രാകേഷ് എന്നയാളാണ് പണം വാഗ്ദാനം ചെയ്തതെന്ന് അറിയിച്ചു. എയർ ഇന്ത്യ സാറ്റ്‌സിൽ ജോലി ചെയ്യുന്ന യാഷ്, അക്ഷയ് നാരംഗ് എന്നീ ജീവനക്കാർക്കും ഇതിൽ പങ്കുള്ളതായി വ്യക്തമായി. മനുഷ്യക്കടത്ത് സംഘത്തിന് സഹായം ചെയ്യുകയായിരുന്നു ഇവരെന്നാണ് നിഗമനം. എയർ ഇന്ത്യ ജീവനക്കാരെയും അനധികൃതമായി യാത്ര ചെയ്യാൻ ശ്രമിച്ചയാളെയും സിഐഎസ്എഫ് പിന്നീട് പൊലീസിന് കൈമാറി.