കൊല്ലം: പത്തുവയസ്സുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി പി.എൻ.വിനോദാണ് വിധി പ്രസ്താവിച്ചത്. കൂടാതെ ബാലനീതി നിയമപ്രകാരം മൂന്നുവർഷം തടവിനും ഇന്ത്യൻ ശിക്ഷാനിയമം 354 ബി പ്രകാരം ഏഴുവർഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്.

2021-ൽ പ്രതി സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണി ആക്കുക ആയിരുന്നു. പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടിയെ മാതാവ് അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. അപ്പോഴേക്കും ഗർഭാവസ്ഥ ഏഴുമാസം പിന്നിട്ടിരുന്നു. തുടർന്ന് കുട്ടിയുടെ മാതാവ് ഗർഭം അലസിപ്പിക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് 31 ആഴ്ച ഗർഭിണിയായ അതിജീവിതയെ ഹൈക്കോടതിയുടെ നിർദേശപ്രകാരം സിസേറിയൻ നടത്തി. ജനിച്ച കുഞ്ഞ് ഒൻപതുദിവസത്തിനുശേഷം മരിച്ചു.

'ആരോപണവിധേയനായ പ്രതി അവളുടെ സ്വന്തം പിതാവാണ്. ആരോപണം ശരിയാണെങ്കിൽ അതിൽ ലജ്ജിക്കുന്നു. തീർച്ചയായും സമൂഹം മുഴുവൻ ഇതേ കാരണത്താൽ തലകുനിക്കണം' എന്ന് ഈ കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതി ജഡ്ജി പി.വി.കുഞ്ഞികൃഷ്ണൻ പരാമർശിച്ചിരുന്നു. സർക്കിൾ ഇൻസ്‌പെക്ടറായ യു.പി.വിപിൻകുമാറിന്റെ നേതൃത്വത്തിൽ കണ്ണനല്ലൂർ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോജാ തുളസീധരൻ, അഞ്ജിത രാജ്, റെജി സി.രാജ് എന്നിവർ ഹാജരായി. എഎസ്ഐ. മഞ്ജുഷ പ്രോസിക്യൂഷൻ സഹായിയായിരുന്നു.