ന്യൂഡൽഹി: ഖത്തറിൽ എട്ട് മുൻഇന്ത്യൻ നാവികർക്ക് വിധിച്ച വധശിക്ഷ ഇളവുചെയ്തു. വധശിക്ഷ കുറച്ചുവെന്ന വിവരംമാത്രമാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇവരെ ഇന്ത്യയിലേക്ക് വിട്ടയക്കുമോ അതോ ഖത്തറിലെ ജയിലിൽ തുടരേണ്ടി വരുമോ എന്ന കാര്യം വ്യക്തമല്ല. ഖത്തറിലെ അപ്പീൽ കോടതിയുടെ വിശദവിധിക്കായി കാത്തിരിക്കുകയാണെന്നും ശിക്ഷ നേരിട്ടവർക്ക് തുടർന്നും നയതന്ത്ര, നിയമ സഹായങ്ങൾ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ മാർച്ചിൽ നടന്ന വിചാരണയ്ക്കുശേഷം ഒക്ടോബർ 26-നാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. ഇതിനെതിരേ നൽകിയ അപ്പീലിലാണ് വ്യാഴാഴ്ച വിധി വന്നത്. ശിക്ഷ ഇളവുചെയ്‌തെങ്കിലും അത് എത്രത്തോളമെന്ന് വ്യക്തമാവാൻ വിധിയുടെ പൂർണരൂപം പുറത്തുവരണം. ശിക്ഷിക്കപ്പെട്ടവർക്കെതിരേ ചുമത്തിയ കുറ്റങ്ങളും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. മുങ്ങിക്കപ്പൽ നിർമ്മാണരഹസ്യങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയെന്നാണ് കേസെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

ദുബായിൽ നടന്ന കോപ്-28 ഉച്ചകോടിക്കിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബർ ഒന്നിന് നടന്ന കൂടിക്കാഴ്ചയിൽ മുൻ നാവികരുടെ വിഷയം ഉന്നയിച്ചിട്ടുണ്ടാകാമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വധശിക്ഷ ഇളവു ചെയ്തു കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നത്.

ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഖത്തറിലെ സ്വകാര്യകമ്പനിയായ അൽ ദഹ്‌റയിൽ ജോലിചെയ്യവേ 2022 ഓഗസ്റ്റിലാണ് എട്ടംഗ സംഘം അറസ്റ്റിലായത്. ഒരാൾ മലയാളിയാണെന്ന് റിപ്പോർട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ അംബാസഡറും ശിക്ഷ നേരിട്ടവരുടെ കുടുംബാംഗങ്ങളും വ്യാഴാഴ്ച അവിടത്തെ അപ്പീൽ കോടതിയിലെത്തിയിരുന്നു. ഖത്തർ അധികൃതരുമായി ഇക്കാര്യത്തിൽ തുടർന്നും ബന്ധപ്പെടും. അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ ഇക്കാര്യത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ക്യാപ്റ്റൻ നവ്‌തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ട്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയെന്നുകരുതുന്ന നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ശിക്ഷ നേരിട്ടത്.