ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിൽ റെയിൽ-വ്യോമ ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെ റൺവേയിലെ ദൃശ്യത പൂജ്യത്തിലെത്തിയത് 100 വിമാനങ്ങളുടെ സർവീസിനെ ബാധിച്ചു. മൂടൽമഞ്ഞ് കാഴ്ച മറച്ചതിനെ തുടർന്ന് 22 തീവണ്ടികളും വ്യാഴാഴ്ച വൈകിയാണ് ഓടിയത്.

മലിനീകരണനിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് ഡൽഹിയിലെ വായുഗുണനിലവാരസൂചിക 372-ൽ എത്തിയിരുന്നു. വ്യാഴാഴ്ച ഡൽഹിയിൽ 8.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. പുലർച്ചെ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കാനും പൊതുജനങ്ങൾക്ക് നിർദേശമുണ്ട്.

അതേസമയം കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് യു.പി.യിൽ വിവിധ അപകടങ്ങളിലായി ആറുപേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. ഇരുചക്ര വാഹനയാത്രക്കാരാണ് മരിച്ചവരിലേറെയും. കാലാവസ്ഥ പ്രതികൂലമായതോടെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അയോധ്യയിലേക്കുള്ള വ്യാഴാഴ്ചത്തെ യാത്രയും മാറ്റിവെച്ചു.