മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ് നേതാവിന്റെ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കുന്നത് വിവാദത്തിൽ. ഗവർണർ വരുന്നതിന് എതിരെ യൂത്ത് കോൺഗ്രസ് രംഗത്തു വന്നു.

കോൺഗ്രസ് മുൻ എംഎൽഎ പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലാണ് ഗവർണറെ ക്ഷണിച്ചിരിക്കുന്നത്. ഇതിനെതിരെ എതിർപ്പറിയിച്ചു യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ രംഗത്തെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പൊന്നാനിയിലേക്ക് ആനയിക്കരുതെന്ന് ഹാരിസ് ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ശാഖാ പ്രമുഖ് ആക്കേണ്ട ആളെ കോൺഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ട ഇടത്തു പ്രതിഷ്ഠക്കരുതെന്നും ഹാരിസ് പറയുന്നു. ഈ മാസം പത്തിനാണ് പരിപാടി നടക്കുന്നത്. യൂ ഡി എഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ഉൾപ്പെടെയുള്ളവരാണ് സംഘാടകർ.