കണ്ണൂർ: കണ്ണൂർ കോർപറേഷൻ മൂന്നു വർഷം ഭരിച്ച ടി.ഒ.മോഹനൻ മേയറെന്ന നിലയിൽ പരാജയമാണെന്ന് കോൺഗ്രസ് വിമത നേതാവും കോർപറേഷൻ കൗൺസിലറുമായ പി.കെ.രാഗേഷ് കണ്ണൂർ പ്രസ് ക്‌ളബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പദ്ധതി തുകയിൽ നിന്നും എൺപതു ശതമാനം പോലും മേയർ നേതൃത്വം നൽകുന്ന ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. സർക്കാരിൽ നിന്നും ലഭിക്കുന്ന തുക പോലും പരിപൂർണ്ണമായി ചെലവാക്കി പദ്ധതി നടപ്പിലാക്കാൻ സാധിക്കാതെ ഫണ്ടു നഷ്ടപ്പെടുത്തുകയാണ് ചെയ്തത്.

ഈ മേയറുടെ ഭരണകാലത്ത് നേട്ടമുണ്ടാക്കിയത് അദാനി ഗ്രൂപ്പ് മാത്രമാണ്. അദാനി ഗ്രൂപ്പിന്റെ ഗ്യാസ് പൈപ്പ് ലൈൻ കണ്ണൂർ കോർപറേഷൻ നിലനിൽക്കുന്ന കാലം വളരും. അദാനി ഗ്രൂപ്പിന്റെ ഗ്യാസ് പൈപ്പ് ലൈൻ കണ്ണൂർ കോർപറേഷന് ലഭിക്കാമായിരുന്ന ദശകോടി കണക്കിന് രൂപ തറവാടക അദാനി ഗ്രൂപ്പിന് തീറെഴുതി കൊടുത്ത് കോർപറേഷന്റെ തനത് വരുമാനം മുട്ടിച്ച മേയറാണ് ടി.ഒ.മോഹനൻ. കോടികൾ ഈക്കാര്യത്തിൽ അഴിമതിയുണ്ടെന്ന് കാണിച്ചു താൻ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്.

പാതിവഴിയിലായ പദ്ധതിയാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. ഏകാധിപതിയെ പോലെയാണ് മേയർ പ്രവർത്തിക്കുന്നത്. കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചല്ല പദ്ധതിയുടെ ഉദ്ഘാടനം തീരുമാനിച്ചത്. എല്ലാം താൻ തന്നെയാണെന്നാണ് മേയർ വിചാരിക്കുന്നത്. സൂപ്പർ എസ്.സിയും സൂപ്പർ കൺസൾട്ടൻസിയുമായി മാറുകയാണ് ടി.ഒ.മോഹനൻ. 25 കോടിയുടെ പദ്ധതിക്ക് 58 കോടിയുടെ കൺസൾട്ടൻസി ഫീസ് കൊടുക്കണമെന്ന് വാദിച്ചയാളാണ് ടി.ഒ.മോഹനനെന്നും പി.കെ.രാഗേഷ് ആരോപിച്ചു.

12.5 കിലോമീറ്റർ നീളത്തിൽ വാർഡുകളായി പൂർത്തീകരിക്കേണ്ട 2.5 കിലോമീറ്ററിലധികം ലൈൻ വലിക്കാൻ ബാക്കിയുണ്ട്. കൂടാതെ ലൈൻ വന്ന പ്രദേശത്തെ മുഴുവൻ വീടുകളും മറ്റു സ്ഥാപനങ്ങളെയും കണക്റ്റു ചെയ്ത മാലിന്യം നിറഞ്ഞ വെള്ളം 40 ശതമാനമെങ്കിലും പ്‌ളാന്റിൽ എത്തിയാൽ മാത്രമേ പ്‌ളാന്റ് പ്രവർത്തിപിക്കാൻ സാധിക്കുകയുള്ളു. എന്നാൽ സ്വന്തമായി പ്‌ളാന്റ് സ്ഥാപികേണ്ടവരെ സഹായിക്കുന്നതിനു വേണ്ടി അവരുടെ മാലിന്യ ടാങ്കിലെ വെള്ളം മാത്രം കണക്റ്റു ചെയ്തിരിക്കുകയാണ്.

ഒരു വീട്ടിൽ പോലും കണക്ഷൻ കൊടുക്കാതെ പ്‌ളാന്റ് ഔദ്യോഗികമായി കമ്മിഷൻ ചെയ്തു കമ്പിനിയെ സഹായിച്ചത് കോടികളുടെ അഴിമതി നടത്താൻ വേണ്ടിയാണ്. ഇതിനെതിരെ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറി ക്കും തദ്ദേശ സ്വയംഭരണവകുപ്പിനും പരാതി നൽകിയിട്ടുണ്ട്. പൂർത്തിയാകാത്ത പദ്ധതിയുടെ ഉദ്ഘാടനത്തിന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എത്തുന്നത് മേയറുടെ ബി. ടീമായി സിപിഎം പ്രവർത്തിക്കുന്നു കൊണ്ടാണെന്ന് പികെ രാഗേഷ് പറഞ്ഞു