- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് യാത്രക്കാരനായ യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസ്; മൂന്നു യുവാക്കൾ അറസ്റ്റിൽ
കറുകച്ചാൽ: കറുകച്ചാലില് ബൈക്ക് യാത്രികനായ യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് രണ്ടുപറയിൽ അലക്‌സ് തോമസ് (വാവ- 20), കറുകച്ചാൽ എൻഎസ്എസ് ലയം മുതുമരത്തിൽ മെൽബർട്ട് മാത്യു (22), കറുകച്ചാൽ ബാങ്ക്പടി മോബിൻ (18) എന്നിവരെയാണു കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28നു വൈകിട്ട് 4.30നു ശാന്തിപുരത്താണ് സംഭവം. ശാന്തിപുരത്ത് നിന്നു കൊച്ചുപറമ്പ് ഭാഗത്തേക്കു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. യുവാവിനെ പിന്തുടർന്ന അക്രമി സംഘം ബൈക്കിൽ പിന്തുടർന്നെത്തി വട്ടം നിർത്തിയ ശേഷം ഹെൽമറ്റ് കൊണ്ട് അടിച്ചു താഴെയിട്ട് സംഘം ചേർന്ന് ആക്രമിക്കുകയും യുവാവിന്റെ പക്കൽ നിന്നു 70,000 രൂപ വില വരുന്ന മൊബൈൽ ഫോണും 3000 രൂപയും തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു. കറുകച്ചാൽ പൊലീസ് ഫോൺ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്തി ആനിക്കാട്ടു നിന്നു പിടികൂടി.
അലക്‌സ് തോമസിനെതിരെ കോട്ടയം എക്‌സൈസ്, കറുകച്ചാൽ സ്റ്റേഷനുകളിൽ അടിപിടി, ലഹരിമരുന്ന് തുടങ്ങിയ കേസുകളും മെൽബർട്ട് മാത്യുവിനെതിരെ മണിമല, കറുകച്ചാൽ, പാമ്പാടി സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്. കറുകച്ചാൽ സ്റ്റേഷൻ എസ്എച്ച്ഒ കെ.കെ.പ്രശോഭ്, എസ്‌ഐമാരായ കെ.എ.നജീബ്, ബൈജു, സിപിഒമാരായ അൻവർ കരീം, ശിവപ്രസാദ്, സന്തോഷ്‌കുമാർ, വിവേക്, സിജു എന്നിവർ ചേർന്നാണു പ്രതികളെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ മെൽബർട്ട് മാത്യുവിനെയും അലക്‌സ് തോമസിനെയും റിമാൻഡ് ചെയ്തു.



