ന്യൂഡൽഹി: വീണ്ടും കോവിഡ് നിരക്ക് ഉയരുന്നു. രാജ്യത്ത് പുതുതായി 841 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 227 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. നിലവിൽ ആകെ 4,309 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേരളത്തിലും കർണാടകയിലും ബിഹാറിലും ഓരോ മരണങ്ങൾ വീതമാണ് ഉണ്ടായത്. ഇതിനിടെ തിരുവനന്തപുരത്ത് നിന്ന് ആഗ്രയിലെത്തിയ വിനോദസഞ്ചാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ രാജ്യത്തുടനീളം ജാഗ്രത കർശനമാക്കും.

പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ കോവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ ഭൂരിഭാഗവും കേരളത്തിലാണ്. ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടക്കുന്ന സംസ്ഥാനവും കേരളമാണ്.