- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെ തെറിച്ചു പോയ പന്തെടുക്കാൻ അയൽ വീട്ടിലെത്തി; പത്തു വയസ്സുകാരന്റെ കാൽ തല്ലിയൊടിച്ച് അയൽവാസി: രണ്ടിടത്ത് പൊട്ടൽ
മരട്: കളിക്കുന്നതിനിടെ അയൽ വീട്ടിലേക്ക് തെറിച്ചുപോയ പന്തെടുക്കാൻ ചെന്ന കുട്ടിയെ വീട്ടുടമ പട്ടികക്കടിച്ചു. മാരകമായി അടിയേറ്റ പത്തു വയസ്സുകാരന്റെ കാലിന്റെ എല്ലിന് രണ്ടിടത്ത് പൊട്ടൽ. പൂണിത്തുറ വളപ്പിക്കടവ് കോളനിയിൽ ബ്ലായിത്തറയിൽ അനിൽ കുമാറിന്റെ മകൻ നവീനിനെയാണ് അയൽവാസി കുഞ്ഞാണെന്ന് പോലും ഓർക്കാതെ ക്രൂരമായി ആക്രമിച്ചത്.
കുട്ടിയുടെ ഇടതുകാലിന്റെ എല്ല് രണ്ടിടത്തായി പൊട്ടി. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നവീൻ കൂട്ടുകാരൊത്ത് വീടിന് സമീപത്തെ പറമ്പിൽ ഫുട്‌ബോൾ കളിക്കുമ്പോഴാണ് പന്ത് അടുത്ത വീടിന് സമീപത്തേക്ക് തെറിച്ചുപോയത്. ഇതെടുക്കാൻ കയറിയ നവീനെ വീട്ടുടമ പട്ടിക കൊണ്ടു മുതുകിലും, കാലിലും അടിക്കുകയായിരുന്നു. അടിയേറ്റ കുട്ടി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെട്ടു. തുടർന്നു വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുക ആയിരുന്നു.
ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എക്‌സ്‌റേയിലാണ് കാലിന്റെ എല്ലിന് രണ്ടു പൊട്ടൽ ഉള്ളതായി കണ്ടെത്തിയത്. സംഭവത്തിൽ സമീപവാസിയായ ദിവ്യദീപം വീട്ടിൽ ബാലന്റെ പേരിൽ കേസെടുത്തതായി മരട് പൊലീസ് അറിയിച്ചു. ചമ്പക്കര സെയ്ന്റ് ജോർജ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ് നവീൻ.