കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞി മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സുരക്ഷയില്ലാതെ പൊതുസ്ഥലത്ത് കോലം കത്തിച്ചു എന്ന കുറ്റമാണ് ചുമത്തിയത്. നിസാര വകുപ്പുകളാണ് ചുമത്തിയതെന്നതും ശ്രദ്ധേയമാണ്.

ഇന്നലെ പുതുവർഷ ആഘോഷത്തിനിടെയാണ് 30 അടി ഉയരമുള്ള കോലം കത്തിച്ചത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഗവർണർക്കെതിരെയുള്ള സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിച്ചതെന്നാണ് എസ്എഫ്‌ഐ നേതൃത്വം നൽകുന്ന വിശദീകരണം. പപ്പാഞ്ഞിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ വലിയ കോലമാണ് ബീച്ചിൽ തയ്യാറാക്കിയത്.