- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസ്സുകാരൻ വളർത്തിയ 13 കന്നുകാലികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു; ഇല്ലാതായത് പിതാവ് മരിച്ചു പോയ കുടുംബത്തിന്റെ ഏക ഉപജീവന മാർഗം
തൊടുപുഴ: പത്താം ക്ലാസുകാരൻ അരുമയായി വളർത്തിയ 13 കന്നുകാലികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു. വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി (15) എന്ന പത്താംക്ലാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പെടെ 13 കന്നുകാലികളാണു കപ്പത്തൊണ്ട് (കപ്പയുടെ തൊലി) കഴിച്ചതിനു പിന്നാലെ ചത്തുുവീണത്. മാത്യുവും അമ്മയും സഹോദരങ്ങളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ഈ പശുക്കൾ. തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ സയനൈഡ് വിഷമാണു കന്നുകാലികളുടെ മരണകാരണമെന്നു ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ജെസി സി.കാപ്പന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു.
അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്‌മേരിയും ഉൾപ്പെട്ട കുടുംബം ജീവിച്ചിരുന്നത് ഈ കന്നുകാലികളെക്കൊണ്ടാണ്. അത്യാഹിതം കണ്ടു തളർന്നു വീണ മാത്യുവിനെയും ഷൈനിയെയും റോസ്‌മേരിയെയും ഞായറാഴ്ച രാത്രി മൂലമറ്റത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ഇന്നലെ ഇവർ വീട്ടിലേക്കു മടങ്ങി. മൂന്നു വർഷം മുൻപു പിതാവ് ബെന്നിയുടെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്. പശുപരിപാലനത്തിലൂടെ ജീവിതം ഒരുവിധം മെച്ചെപ്പെട്ടു വരുമ്പോഴാണ് പശുക്കൾ ചത്തത്.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കന്നുകാലികൾക്കു കപ്പത്തൊണ്ട് തീറ്റയായി നൽകിയത്. അരമണിക്കൂറിനുള്ളിൽ അവ തൊഴുത്തിൽ കുഴഞ്ഞു വീണു. പരവേശം കാണിച്ച കന്നുകാലികളെ തൊഴുത്തിൽനിന്ന് അഴിച്ചു വിട്ടു. ഇറങ്ങിയോടിയവ സമീപത്തെ റബർ മരങ്ങളുടെ ചുവട്ടിലും തോട്ടിലും ബാക്കിയുള്ളവ തൊഴുത്തിലുമായി ചത്തുവീണു. രണ്ടു പശുക്കൾ ഗുരുതരാവസ്ഥയിലാണ്. വീടിനു സമീപത്തു കപ്പ ഉണക്കുന്ന കേന്ദ്രത്തിൽനിന്നെത്തിക്കുന്ന കപ്പത്തൊണ്ടാണ് ഉണക്കി കന്നുകാലികൾക്കു പതിവായി നൽകിയിരുന്നതെന്നും ഇതുവരെ പ്രശ്‌നമായിട്ടില്ലെന്നും ഷൈനി പറഞ്ഞു.
ആറ് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് 13 കന്നുകാലികളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്. മണ്ണുമാന്ത്രി യന്ത്രംകൊണ്ടെടുത്ത രണ്ടു കുഴികളിലായി ഇവയെ മറവു ചെയ്തു. 2020 ഒക്ടോബറിലാണ് ബെന്നി മരിച്ചത്. തുടർന്നു കന്നുകാലികളെ പരിപാലിച്ചത് മാത്യു ആമ്. മാത്യുവിനെക്കുറിച്ചു മലയാള മനോരമയിൽ വന്ന വാർത്ത കണ്ടു കൃഷിമന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ടതിനെത്തുടർന്നു തൊഴുത്തു പണിയാൻ മിൽമ 1.5 ലക്ഷം രൂപ നൽകിയിരുന്നു.
ചിഞ്ചുറാണിയും മന്ത്രി റോഷി അഗസ്റ്റിനും ഇന്നു മാത്യുവിന്റെ വീട് സന്ദർശിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഫോണിൽ വിളിച്ച് സഹായവാഗ്ദാനം നൽകി.