ഉപ്പുതറ: ജോലിഭാരവും വരുമാനക്കുറവും ആരോഗ്യപ്രശ്നങ്ങളും മൂലം ഹരിതകർമ സേനാംഗങ്ങൾ പണി ഉപേക്ഷിക്കുന്നു. കൂടുതൽപേർ തൊഴിൽ ഉപേക്ഷിക്കുമെന്ന് പഞ്ചായത്തുകളെ അറിയിച്ചിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധതയോടെയുള്ള ജോലിയാണെങ്കിലും വീട്ടിലെ പ്രാരാബ്ദമാണ് യുവതികളെ ഹരിതകർമസേനയിലേക്ക് ആകർഷിച്ചത്. സംസ്ഥാനത്ത് മാലിന്യസംസ്‌കരണ മേഖലയിൽ 32,944 ഹരിതകർമ സേനാംഗങ്ങളുണ്ടായിരുന്നു.

വീടുകളിൽനിന്ന് 50 രൂപയും വ്യാപാരസ്ഥാപനങ്ങളിൽനിന്ന് 100 രൂപയുമെന്ന കണക്കിൽ ലഭിക്കുന്ന യൂസർ ഫീ മാത്രമാണ് ഇവരുടെ വരുമാനം. ഇതനുസരിച്ച് 30 ദിവസം കഠിനാധ്വാനം ചെയ്താൽ ഒരുമാസം 5000 മുതൽ 10,000 രൂപ വരെയേ വേതനം കിട്ടൂ.

മാസത്തിന്റെ പകുതിദിവസം വീടുകൾകയറി മാലിന്യം ശേഖരിക്കണം. പിന്നീടിത് പഞ്ചായത്ത് അയയ്ക്കുന്ന വാഹനത്തിൽ കയറ്റി തരംതിരിക്കൽ കേന്ദ്രത്തിലെത്തിക്കണം. തുടർന്ന് 15 ദിവസം മാലിന്യം തരംതിരിച്ച് 50 മുതൽ 70 കിലോ വരെയുള്ള കെട്ടുകളാക്കണം. അവ ഏജൻസിയുടെ ലോറിയിൽ മാലിന്യസംസ്‌കരണ പ്ലാന്റിലേക്ക് കയറ്റിവിടണം.

മാലിന്യക്കെട്ടുകൾ ലോറിയിൽ കയറ്റുന്നതും ഇറക്കുന്നതുമെല്ലാം ഹരിതകർമസേനാംഗങ്ങളാണ്. പലർക്കും നിത്യവും തരംതിരിക്കൽ കേന്ദ്രത്തിൽ എത്തണമെങ്കിൽ 20 കിലോമീറ്ററിലധികം യാത്രചെയ്യേണ്ടതുണ്ട്. ഇതിനും സ്വന്തമായി പണം കണ്ടെത്തണം. ഇങ്ങനെ കഷ്ടപ്പാടുനിറഞ്ഞ ജോലിക്കിടയിൽ പല ദുരനുഭവങ്ങളും നേരിടേണ്ടിവരുന്നുണ്ടന്നും ഹരിതകർമസേനാംഗങ്ങൾ പറഞ്ഞു.

ഇവർക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാനുള്ള സഹായപദ്ധതികൾക്ക് വായ്പ നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, മറ്റൊരു ജോലിയും ചെയ്യാനുള്ള സമയം ഇവർക്ക് കിട്ടുന്നില്ല. 15,000 രൂപയെങ്കിലും പ്രതിമാസം വേതനം കിട്ടണമെന്നാണ് ഇവരുടെ ആവശ്യം.