കോന്നി: പുതുവത്സരം ആഘോഷിക്കാൻ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെന്റർ, ശനി, ഞായർ ദിവസങ്ങളിൽ നടത്തിയത് 300 സർവീസുകൾ. വിവിധ ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കായിരുന്നു കെ.എസ്.ആർ.ടി.സിയുടെ യാത്രകൾ. ഇതിൽ ഹിറ്റായതാവട്ടെ മൂന്നാറിലേക്കുള്ള ഉല്ലാസയാത്ര. വിവിധ ഡിപ്പോകളിൽനിന്നു 28 സർവീസുകളാണ് മൂന്നാറിലേക്ക് നടത്തിയത്. 150 പേർക്ക് താമസിക്കാനുള്ള ക്രമീകരണവും കെ.എസ്.ആർ.ടി.സി. മൂന്നാറിൽ ഏർപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്തുനിന്നു വയനാട്ടിലേക്കും ഉല്ലാസയാത്ര നടത്തി. അതിനും തിരക്കായിരുന്നു. കന്യാകുമാരിയിലേക്ക് ആറ് സർവീസ് നടത്തി. ഗവിയിലേക്ക് ദിനംപ്രതി മൂന്ന് സർവീസുകളാണ് ഉല്ലാസയാത്രയ്ക്കായി പോകുന്നത്. കൂടുതൽ ഗവി സർവീസിന് സന്ദർശകർ കെ.എസ്.ആർ.ടി.സി.യെ സമീപിക്കുന്നുണ്ട്. എന്നാൽ, മൂന്ന് സർവീസുകൾക്കേ വനംവകുപ്പിന്റെ അനുമതിയുള്ളൂ. പ്രധാനകേന്ദ്രങ്ങളിൽനിന്നു തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്ക് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 24 സർവീസുകൾ നടത്തി.

രണ്ടുവർഷം മുൻപാണ് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം ബസ് സർവീസ് ആരംഭിച്ചത്. വിനോദസഞ്ചാരകേന്ദ്രങ്ങളെയും തീർത്ഥാടനകേന്ദ്രങ്ങളെയും ബന്ധിപ്പിച്ചാണിത്. മലക്കപ്പാറ, മലമ്പുഴ, നെല്ലിയാമ്പതി, വാഗമൺ, പരുന്തുംപാറ, കുമ്പളങ്ങി, സാഗരറാണി, കോതമംഗലം ലക്ഷ്മി എസ്റ്റേറ്റ്, മൂന്നാർ, താമരശ്ശേരി വനപർവ്വം, അടവി, ഗവി ജംഗിൾ സഫാരി എന്നിവിടങ്ങളിലേക്കും പുതുവത്സരം ആഘോഷിക്കാൻ കെ.എസ്.ആർ.ടി.സി. ഉല്ലാസയാത്ര സംഘടിപ്പിച്ചിരുന്നു. ലക്ഷങ്ങളുടെ വരുമാനമാണ് ഇതുവഴി ലഭിച്ചത്.