ശബരിമല: ശബരിമലയിൽ അരവണ ടിന്നുകൾക്ക് ക്ഷാമം നേരിട്ട സാഹചര്യത്തിൽ പുതിയ കരാർ ക്ഷണിച്ച് ദേവസ്വം ബോർഡ്. കരാർ പ്രകാരമുള്ള ടിന്നുകൾ എത്തിക്കുന്നതിൽ കരാറുകാരിലൊരാൾ വീഴ്ചവരുത്തിയതിനെ തുടർന്നാണ് ടിന്നുകൾക്ക് ക്ഷാമം നേരിടുന്നത്. ടിന്നൊന്നിന് 6.47 രൂപ നിരക്കിൽ രണ്ടുപേരാണ് കരാറെടുത്തത്. ഇതിൽ ആദ്യത്തെ കരാറുകാരനാണ് വീഴ്ച വരുത്തിയത്.

പ്രതിദിനം 1.30 ലക്ഷം ടിന്നുകൾ വീതം എത്തിക്കണമെന്നായിരുന്നു കരാർ. എന്നാൽ, ആദ്യകരാറുകാരന് ഇതിൽ പകുതി മാത്രമേ പ്രതിദിനം എത്തിക്കാനാകൂന്നുള്ളൂ. ഇതാണ് പ്രതിസന്ധിക്ക് കാരണം. രണ്ടാമത്തെ കരാറുകാരൻ എത്തിക്കുന്ന ടിന്നുകളിലാണ് ഇപ്പോൾ അരവണ നിറയ്ക്കുന്നത്. എന്നാൽ, ഇത് ചൊവ്വാഴ്ചകൂടി മാത്രമേ തികയൂ. ഈ സാഹചര്യത്തിൽ കൂടുതൽ ടിന്നുകൾ എത്തിച്ചില്ലെങ്കിൽ ബുധനാഴ്ചമുതൽ അരവണ വിതരണം ബുദ്ധിമുട്ടാകും. ഇതോടെയാണ് പുതിയ കരാർ ക്ഷണിച്ചത്.

പ്രതിസന്ധി ഉണ്ടായതോടെ അരവണ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം വരെ ഒരാൾക്ക് പത്ത് ടിൻ നൽകിയിരുന്നു. ഇപ്പോഴിത് അഞ്ചാക്കി. പ്രതിദിനം മൂന്നുലക്ഷം ടിന്നിലാണ് അരവണ നിറച്ചിരുന്നത്. ഈ സമയങ്ങളിൽ 2.30 ലക്ഷം ടിൻ അരവണ നൽകിയിരുന്നു.

പുതിയ ടെൻഡർ വേഗത്തിൽ തുറക്കുമെന്നും അടുത്ത ദിവസംതന്നെ ടിന്നുകൾ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. അരവണ നിർമ്മിക്കുന്നതിനുള്ള ശർക്കരക്ഷാമം പരിഹരിച്ചത് കഴിഞ്ഞ ദിവസമാണ്. പിന്നാലെയാണ് ആവശ്യത്തിനുള്ള ടിന്നുകൾ കിട്ടാത്ത സാഹചര്യം ഉണ്ടായത്.