പത്തനംതിട്ട : സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ മതവിദ്വേഷ പ്രചാരണത്തിന് കേസെടുത്തു. നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ആബിദ ഭായ്‌ക്കെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്.

അയോധ്യയുമായും ശ്രീരാമനുമായി ബന്ധപ്പെട്ട വീഡിയോയാണ് പരാതിക്ക് ആധാരം. നാരങ്ങാനം സ്വദേശിയ പരാതി നൽകിയത്. ശബരിമലയെ കുറിച്ചുള്ള ചില വീഡിയോയും പങ്കുവെച്ചിരുന്നു. ഇതിനെതിരെ തുടർച്ചയായി മതവിദ്വേഷ പ്രചാരണം നടത്തുന്നുവെന്നായിരുന്നു പരാതി. ആബിദാ ഭായ് പിന്നീട് വീഡിയോ നീക്കം ചെയ്തിരുന്നു. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ശ്രീരാമന്റെ വിഡിയോ പങ്കുവച്ചതിന്റെ പേരിലാണ് ഇപ്പോഴത്തെ കേസ്.

'അയോധ്യാ പ്രയാണം, ഇന്ത്യ കുതിക്കുന്നു, ഡിജിറ്റൽ യുഗത്തിലേക്ക് ഉള്ള ഓട്ടം' എന്ന ടാഗ്ലൈനോടു കൂടിയാണ് ആബിദ ഭായ് വിവാദ വിഡിയോ പോസ്റ്റ് ചെയ്തത്. ശ്രീരാമദേവന്റെ ഭക്തിഗാനം ഉൾപ്പെടുത്തിക്കൊണ്ട് അർധനനഗ്നനായ ഒരാൾ ഓടുന്ന വിഡിയോയായിരുന്നു ഇത്. ഈ പോസ്റ്റ് ഹിന്ദുമത വിശ്വാസത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

വിവാദമായതോടെ ആബിദ ഭായ് ഈ പോസ്റ്റ് ഫേസ്‌ബുക്കിൽനിന്ന് നീക്കം ചെയ്തു. ഇത്തരത്തിലുള്ള ഒരു മതവിദ്വേഷ പ്രചാരണം ഉദ്ദേശിച്ചല്ല ആ വിഡിയോ പോസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കി പുതിയൊരു കുറിപ്പും ആബിദ ഭായ് ഫേസ്‌ബുക്കിൽ പങ്കുവച്ചു.