നെടുമ്പാശേരി: വ്യാജ വീസയുമായി ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ച സ്ത്രീ യാത്രാമധ്യേ ഖത്തറിൽ പിടിയിലായി. കടുത്തുരുത്തി സ്വദേശിനി ഷൈനി (50) ആണ് ഖത്തറിൽ പിടിയിലായത്. പരിശോധനയിൽ ഇവരുടെ വിസ വ്യാജമെന്ന് കണ്ടെത്തിയതോടെ ഖത്തർ മടക്കി അയക്കുക ആയിരുന്നു. കഴിഞ്ഞ 30ന് ഷങ്കൻ വീസയുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നാണ് ഇവർ ഖത്തർ വഴി ഫ്രാൻസിലേക്കു പോയത്.

ഇവരെ കൊച്ചിയിലേക്ക് തന്നെ മടക്കി അയച്ചു. ഖത്തറിൽ നടത്തിയ പരിശോധനയിൽ വീസ വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇന്നലെ കൊച്ചിയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഷൈനിക്ക് ആദ്യം ഫ്രാൻസ് വീസ നിഷേധിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. തുടർന്ന് തൃശൂർ സ്വദേശിയായ ഒരാൾ 7 ലക്ഷം രൂപ വാങ്ങിയാണ് വീസ തരപ്പെടുത്തി നൽകിയതെന്ന് ഷൈനി പറയുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോൾ കൊച്ചിയിലെ ഇമിഗ്രേഷൻ വിഭാഗം പിടികൂടി നെടുമ്പാശേരി പൊലീസിനു കൈമാറി. റൂറൽ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.