ചെറുതോണി: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരിയെ സിംഹവാലൻ കുരങ്ങ് ആക്രമിച്ചു. മക്കുവള്ളി നെല്ലിക്കുന്നേൽ ഷിജുവിന്റെ മകൾ നിത്യ എസ്.പോളിനാണു പരുക്കേറ്റത്. കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായി പരുക്കേറ്റു. പുറത്തും കാലിനും ആഴത്തിൽ പരുക്കേറ്റ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. ദേഹം മുഴുവൻ മാന്തിക്കീറിയ നിലയിലാണ്.

തിങ്കളാഴ്ച വൈകിട്ടു നാലരയോടെ വീട്ടുമുറ്റത്തു മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിംഹവാലൻ കുരങ്ങന്റെ ആക്രമണം. കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പിന്നിൽ കൂടിയെത്തിയ കുരങ്ങ് ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ മുത്തച്ഛനാണു കുട്ടിയെ കുരങ്ങിൽ നിന്നും രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.

മൂന്നാഴ്ച മുൻപാണ് ഈ സിംഹവാലൻ കുരങ്ങിനെ പ്രദേശത്തു കണ്ടുതുടങ്ങിയതെന്നു ഷിജു പറയുന്നു. പ്രദേശത്തു വേറെ സിംഹവാലൻ കുരങ്ങുകൾ ഇല്ല. ഇവ അക്രമകാരികളല്ല എന്ന ധാരണയിൽ ഓടിച്ചുവിടാൻ ആരും ശ്രമിച്ചതുമില്ല. മറ്റു കുരങ്ങുകളെ ഈ പ്രദേശത്ത് കാണാറുണ്ടെങ്കിലും സിംഹവാലൻ കുരങ്ങ് ഇവിടെ വരാൻ സാധ്യതയില്ലാത്തതിനാൽ മറ്റെവിടെ നിന്നെങ്കിലും ആരോ ഇവിടെ കൊണ്ടുവിട്ടതാകാമെന്നു നാട്ടുകാർ ആരോപിക്കുന്നു.