- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാർക്ക് ആശ്വാസവുമായി സുപ്രീംകോടതി; കോടതികളിലേക്ക് വിളിച്ചു വരുത്തുന്നതിന് മാർഗരേഖ
ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി ആശ്വാസം. കോടതികളിൽ ഹാജരാകുന്ന ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന പരാമർശം ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു, സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതികൾക്കായി പുറത്തിറക്കിയ മാർഗരേഖയിലാണ് നിർദ്ദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമേ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താവൂ എന്നും സുപ്രീംകോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡാണ് മാർഗരേഖയിൽ നിർദ്ദേശം മുമ്പോട്ട് വച്ചത്.
മാർഗരേഖയിലെ മറ്റ് പ്രധാന നിർദേശങ്ങൾ
സത്യവാങ്മൂലങ്ങളുടേയോ രേഖകളുടെയോ അടിസ്ഥാനത്തിൽ കേസിൽ തീർപ്പ് ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ, ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തരുത്. എല്ലാ സന്ദർഭങ്ങളിലും ഉദ്യോഗസ്ഥർ കോടതികളിൽ നേരിട്ട് ഹാജരാകണം എന്ന് ആവശ്യപ്പെടരുത്.
വസ്തുതകൾ മറച്ച് വയ്ക്കുന്നു, മനഃപൂർവ്വം രേഖകൾ കോടതിക്ക് കൈമാറുന്നില്ല തുടങ്ങിയ അവസരങ്ങളിൽ മാത്രമേ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് നിർദേശിക്കാവൂ.
കോടതിയുടെ വീക്ഷണത്തിന് എതിരായ നിലപാട് ഉദ്യോഗസ്ഥൻ സ്വീകരിക്കുന്നു എന്ന കാരണത്താൽ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തരുത്.
വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ ഉള്ള അവസരം ഉദ്യോഗസ്ഥർക്ക് നൽകണം.
വീഡിയോ കോൺഫറൻസിന്റെ ലിങ്ക് ഒരു ദിവസം മുമ്പെങ്കിലും ഉദ്യോഗസ്ഥർക്ക് കൈമാറണം.
ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുമ്പോൾ അതിനുള്ള കാരണം വ്യക്തമാക്കണം.
മുഴുവൻ നടപടി സമയത്തും കോടതികളിൽ നിൽക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടരുത്. കോടതിയിൽ നിലപാട് വ്യക്തമാക്കുമ്പോഴോ, എന്തെങ്കിലും കാര്യങ്ങൾ അറിയിക്കുമ്പോൾ മാത്രമേ എഴുന്നേറ്റ് നിൽക്കേണ്ടതുള്ളൂ.
ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന പരാമർശം പാടില്ല. ഉദ്യോഗസ്ഥരുടെ ശാരീരിക രൂപം, വേഷം, സാമൂഹികവും, വിദ്യാഭ്യാസപരവുമായ പശ്ചാത്തലം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള പരാമർശങ്ങൾ പാടില്ല.
കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുമ്പോൾ കോടതികൾ പരമാവധി ജാഗ്രതയും, നിയന്ത്രണവും പാലിക്കണം.



