- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൃശ്യ വിസ്മയത്തിൽ കളരിപ്പയറ്റ് വേണ്ട; മുഖ്യമന്ത്രിക്ക് സെഡ്പ്ലസ് കാറ്റഗറി സുരക്ഷ; കലോത്സവ വേദിയിൽ 'ആയുധം കൊണ്ടുള്ള ഒരു കളി'യും വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി
കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ ഉദ്ഘാടന ദിനം 'ആയുധം കൊണ്ടുള്ള കളി വേണ്ടെന്നു' വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശം. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ എത്തുന്നതിനെ തുടർന്നാണ് ഇത്. കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനു മുമ്പായി നടത്തുന്ന 'ദൃശ്യവിസ്മയം' ചടങ്ങിൽ കളരിപ്പയറ്റ് അഭ്യാസം പ്രദർശിപ്പിക്കുന്നതു വിലക്കുകയാണ് സർക്കാർ.
വേദിക്ക് സമീപം ഒരുതരത്തിലുള്ള 'ആയുധക്കളി'കളും വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. ആഘോഷപരിപാടികളിൽ പ്രശസ്ത കളരിപ്പയറ്റ് സംഘത്തിന്റെ പരിപാടികൂടി ഉൾപ്പെടുത്താൻ അനുവദിക്കണമെന്ന് കലോത്സവസമിതി കൺവീനർമാരുടെ യോഗത്തിൽ ഒരു അംഗം ആവശ്യപ്പെട്ടു. തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശം എത്തിയത്. മന്ത്രിയുടെ പ്രസ്താവനയെ എം മുകേഷ് എംഎൽഎയും പിന്തുണച്ചു.
കുറച്ചു നാളുകൾക്ക് മുൻപ് ഒരു ടിവിഷോയ്ക്കിടെ അവതരിപ്പിച്ച കളരിപ്പയറ്റ് പ്രകടനത്തിൽ ഏറെ മാറി ഇരുന്നിരുന്ന താനുൾപ്പെടെയുള്ള ജഡ്ജിങ് പാനലിലെ ഒരാൾക്ക് തീപ്പൊരിവീണ് പൊള്ളലേറ്റെന്ന് മുകേഷ് പറഞ്ഞു. തേവള്ളി ഗവ. ബോയ്സ് ഹൈസ്‌കൂളിൽ നടന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, അഡീഷണൽ ഡയറക്ടർ സിഎ സന്തോഷ്, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ പങ്കെടുത്തു.