കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വിരുന്നിന് ക്ഷണിച്ചാൽ ഇനിയും പങ്കെടുക്കുമെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹോനോൻ മാർ ദിയസ്‌കോറസ്. അതിനകത്ത് കക്ഷി രാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കര സഭ കാണാറില്ല. ആരെങ്കിലും അതിന് വിരുദ്ധമായി പറയുന്നുണ്ടെങ്കിൽ അത് പറഞ്ഞയാളുടെ കുഴപ്പമാണെന്നും യൂഹോനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു. മന്ത്രി സജി ചെറിയാന് എതിരെയാണ് പരാമർശങ്ങൾ.

'മലങ്കര സഭയുടെ നിലപാട് കേന്ദ്ര സർക്കാരായും സംസ്ഥാന സർക്കാരായാലും വിളിച്ചു കഴിഞ്ഞാൽ പങ്കെടുക്കുകയെന്നതാണ്. ഇന്നും പങ്കെടുക്കും, നാളെയും പങ്കെടുക്കും. അതിനകത്ത് കക്ഷിരാഷ്ട്രീയ വ്യത്യാസമൊന്നും മലങ്കരസഭ കാണാറില്ല. അങ്ങനെ കാണത്തുമില്ല. ആരെങ്കിലും അതിന് വിരുദ്ധമായി പറഞ്ഞാൽ അത് ഞങ്ങളുടെ കുഴപ്പമല്ല. അവരുടെ കുഴപ്പമാണ്.' ഭദ്രാസനാധിപൻ പറഞ്ഞു.

ക്രൈസ്തവ സഭാനേതൃത്വത്തിൽ നിന്നും വ്യാപക പ്രതിഷേധമുയർന്നതിന് പിന്നാലെ ബിഷപ്പുമാർക്കെതിരായ പരാമർശത്തിലെ മൂന്ന് വാക്കുകൾ സജി ചെറിയാൻ പിൻവലിച്ചിരുന്നു.