കൊച്ചി: നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്ര കാണാൻ കറുത്ത ചുരിദാർ ധരിച്ച് റോഡിൽ കാത്തുനിന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചു. ഏഴുമണിക്കൂർ അന്യായമായി തടവിൽവെച്ചെന്നാരോപിച്ച് പത്തനാപുരം തലവൂർ സ്വദേശിനി എൽ. അർച്ചനയാണ് ഹർജി നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഒരാഴ്ചക്കുശേഷം പരിഗണിക്കും.

ഡിസംബർ 18ന് ഭർതൃമാതാവിനൊപ്പം രണ്ടാലുംമൂട്ടിൽ കാത്തുനിൽക്കുമ്പോഴാണ് സംഭവമെന്ന് ഹർജിയിൽ പറഞ്ഞു. ഭർത്താവ് ബിജെപി പ്രാദേശിക ഭാരവാഹിയായതിനാൽ യുവതി പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന തെറ്റായ വിവരത്തെതുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നത്. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും ഹർജിയിൽ വ്യക്തമാക്കി.

കറുത്ത ചുരിദാർ ധരിച്ചതിനാലാണ് തന്നെ മണിക്കൂറുകളോളം തടഞ്ഞുവച്ചതെന്ന് യുവതി ഹൈക്കോടതിയിൽ നൽതിയ ഹർജിയിൽ പറഞ്ഞു. അകാരണമായി പൊലീസ് തടഞ്ഞുവച്ചതിനാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും യുവതി ഹൈക്കോടതിയെ അറിയിച്ചു.