തൃശൂർ: ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ബസിനെ കാറിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി ഡ്രൈവറെ ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുന്നംകുളം -തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന പരാശക്തി ബസിലെ ഡ്രൈവർ തൃശൂർ എൽത്തുരുത്ത് സ്വദേശി ചക്കാലക്കൽ വീട്ടിൽ ലോറൻസി(44)നെയാണ് അറസ്റ്റ് ചെയ്തത്.

കുന്നംകുളം- തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന സെറ ബസിലെ ഡ്രൈവർ കല്ലൂർ സ്വദേശി കല്ലംപറമ്പിൽ വീട്ടിൽ ബിനോയി (40)യെയാണ് ലോറൻസ് ഉൾപ്പെടെ മൂന്നംഗസംഘം ആക്രമിച്ചത്. ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണമെന്ന് കുന്നംകുളം പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് കേച്ചേരി പാറന്നൂരിൽ വച്ചായിരുന്നു സംഭവം. കുന്നംകുളത്തുനിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സെറ ബസിനെ പാറന്നൂരിൽ കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു നിർത്തുകയും രണ്ടു പേർ ബസിനകത്തേക്ക് കയറി ഡ്രൈവർ സീറ്റിലിരുന്ന ബിനോയിയുടെ തലയ്ക്ക് ആയുധം ഉപയോഗിച്ച് അടിക്കുകയും നെഞ്ചിലും വയറ്റിലും ഇടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തതായാണ് പരാതി.

സംഭവത്തിൽ പരുക്കേറ്റ ബിനോയി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ബിനോയിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ലോറൻസ് പിടിയിലായത്. സംഭവത്തിൽ അനസ്, ശ്രീധരൻ എന്നീ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാൻ, പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോറൻസിനെ അറസ്റ്റ് ചെയ്തത്. ലോറൻസിനെ കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.