അമ്പലപ്പുഴ: ഇരുമ്പുവടികൊണ്ട് അടിയേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുന്നപ്ര വാടയ്ക്കൽ പരേതനായ ബാബുവിന്റെ ഭാര്യ പ്രസന്ന (64) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഡിസംബർ 30നു വൈകിട്ട് 4.30ന് ആണ് പ്രസന്നയ്ക്ക് അടിയേറ്റത്. പ്രതി വാടയ്ക്കൽ കയറ്റുകാരൻപറമ്പിൽ സുധിയപ്പനെ (41) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്.

പ്രസന്നയുടെ മകൻ വിനീസ് സുധിയപ്പന്റെ ഭാര്യയെ കൂട്ടിക്കൊണ്ടുപോയതാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. പ്രസന്നയുടെ വീട്ടിലെത്തിയ സുധിയപ്പൻ പ്രസന്നയെയും വിനീസിനെയും ഇരുമ്പുവടികൊണ്ട് ആക്രമിച്ചു. തലയ്ക്ക് ഗുരുതര പരുക്കേറ്റ പ്രസന്ന ആശുപത്രി വെന്റിലേറ്ററിൽ ആയിരുന്നു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. ഒട്ടേറെ കേസുകളിൽ പ്രതിയാണ് സുധിയപ്പൻ.