- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുള്ളൻപന്നിയെ വെടിവെച്ച് കൊന്ന് കറിവെച്ച സംഭവം; തോട്ടം നടത്തിപ്പുകാരിയും വിനോദസഞ്ചാരികളും അടക്കം ഏഴുപേർ അറസ്റ്റിൽ
മൂന്നാർ: പുതുവത്സര ആഘോഷത്തിനിടെ മുള്ളൻപന്നിയെ വെടിവെച്ച് കൊന്ന് കറിവെച്ച സംഭവത്തിൽ തോട്ടം നടത്തിപ്പുകാരിയും വിനോദസഞ്ചാരികളും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. ശാന്തൻപാറയിലെ സ്വകാര്യ എസ്റ്റേറ്റിലാണ് സംഭവം. മുള്ളൻ പന്നിയെ വെടിവെച്ച രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുന്നു.
തോട്ടം നടത്തിപ്പുകാരി പാമ്പനാർ പൂവത്തിങ്കൽ ബീന (50), ശാന്തൻപാറ ചേരിയാർ പുത്തൻവീട്ടിൽ ജെ.വർഗീസ് (62), വണ്ടിപ്പെരിയാർ ചിറക്കളം പുതുവേൽ മനോജ് (33), വിനോദസഞ്ചാരികളായ തിരുവനന്തപുരം ഉള്ളൂർ സ്വദേശി എച്ച്.അസ്മുദീൻ (59), ഇയാളുടെ മകൻ അസ്ലം റസൂൽ ഖാൻ (28), പത്തനംതിട്ട തിരുവല്ല കാവുംഭാഗം പഞ്ചായത്തുമഠം വീട്ടിൽ രമേശ്കുമാർ (57), തിരുവനന്തപുരം കവടിയാർ മുട്ടട ശ്രീനഗർ ലെയ്നിൽ കെ.എം.ഇർഷാദ് (66) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്.
തലക്കോട് വനം വകുപ്പ് ചെക്കുപോസ്റ്റിലാണ് പാകംചെയ്ത ഇറച്ചിയുമായി വിനോദസഞ്ചാരികളെ പിടികൂടിയത്. പരിശോധനയിൽ കാട്ടുമൃഗത്തിന്റെ ഇറച്ചിയാണെന്ന് ബോധ്യപ്പെട്ടു. ഇവരെ ചോദ്യംചെയ്തതിൽനിന്ന് ശാന്തൻപാറയിലെ എസ്റ്റേറ്റിൽനിന്നാണ് ഇറച്ചി കൊണ്ടുവന്നതെന്ന് മനസ്സിലായി.
ദേവികുളം റേഞ്ച് ഓഫീസർ പി.വി.വെജി, ഫോറസ്റ്റ് ഓഫീസർ പി.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്റ്റേറ്റിൽ നടത്തിയ പരിശോധനയിൽ മുള്ളൻപന്നിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പന്നിയാർകുട്ടി സ്വദേശിയാണ് മുള്ളൻപന്നിയെ വെടിവെച്ചതെന്നും ഇയാൾക്കും കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പുതുവത്സരം ആഘോഷിക്കാനാണ് വിനോദസഞ്ചാരികൾ 31-ന് എസ്റ്റേറ്റിൽ എത്തിയത്. എസ്റ്റേറ്റിലെ കോട്ടേജുകളിലാണ് ഇവർ താമസിച്ചത്. ഇവർക്കുവേണ്ടിയാണ് മുള്ളൻപന്നിയെ വെടിവെച്ച് പിടികൂടി കറിവെച്ചത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.