കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് തുടക്കം. സംസ്ഥാന സ്‌കൂൾ കലോത്സവം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രധാനവേദിയിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ വേദികൾ ഉണരും.

മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. നടി നിഖില വിമൽ മുഖ്യാതിഥിയായി. സ്വാഗതഗാനത്തിന് നടി ആശ ശരത് നൃത്താവിഷ്‌കാരമൊരുക്കി. ഭിന്നശേഷിക്കുട്ടികളുടെ കലാവിരുന്നും, കാസർകോട് ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ഗോത്രവർഗ കലാവിഷ്‌കാരമായ മംഗലംകളിയും അവതരിപ്പിച്ചു.

24 വേദികളിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോൽസവമാണ് കൊല്ലത്തേത്. കലോത്സവത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശങ്കേഴ്സ് ജംക്ഷൻ മുതൽ ചിന്നക്കട വരെയുള്ള റോഡിൽ വൺവേ ട്രാഫിക്ക് മാത്രമേ അനുവദിക്കൂ. ഈ റോഡിലൂടെ കെഎസ്ആർടിസി ഉൾപ്പടെയുള്ള ഭാരവാഹനങ്ങൾ അനുവദിക്കില്ല.

വേദികൾക്കു സമീപം പ്രത്യേക സ്ഥലങ്ങളിലാണു പാർക്കിങ് സൗകര്യം. നഗരത്തിൽ ടൗൺ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളെ മാത്രമേ സർവീസ് നടത്താൻ അനുവദിക്കൂ. ഇവ നിർബന്ധമായും മീറ്റർ പ്രവർത്തിപ്പിക്കണമെന്നും നിർദേശമുണ്ട്. 24 വേദികളിൽ 239 ഇനങ്ങളിൽ 14,000 കുട്ടികൾ മത്സരിക്കാനെത്തും. അദ്ധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ ഇരുപതിനായിരത്തിലധികംപേർ തുടർദിവസങ്ങളിൽ പങ്കാളികളാകും. മൺമറഞ്ഞ അനശ്വരപ്രതിഭകളുടെ പേരിലാണ് വേദികൾ അറിയപ്പെടുക. എല്ലാ വേദിക്കും ഇക്കുറി ഇൻഷുറൻസ് പരിരക്ഷയുണ്ട്.

അപ്പീൽ വഴിയെത്തിയ 331 പേർ ഉൾപ്പെടെ 9571 പ്രതിഭകൾ 239 ഇനങ്ങളിലായി 24 വേദികളിൽ മാറ്റുരയ്ക്കും. ഇതിൽ 3969 ആൺകുട്ടികളും 5571 പെൺകുട്ടികളുമാണ്. മത്സരാർഥികളും അദ്ധ്യാപകരും കാണികളും ഉൾപ്പെടെ ഇരുപതിനായിരത്തോളംപേർ പങ്കുചേരുന്ന കലോത്സവം കൊല്ലത്തിന്റെ മഹോത്സവമായി മാറും. 6000 ചതുരശ്ര അടിയിലാണ് ആശ്രാമം മൈതാനത്തെ പ്രധാനവേദി.

ഭക്ഷണ വിതരണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ തുടങ്ങി. മെഡിക്കൽ ടീമിനെ സജ്ജമാക്കി. കോഴിക്കോട് നിന്നും സ്വർണക്കപ്പ് കൊല്ലത്ത് എത്തി. കൊല്ലം റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസി ഡിപ്പോയിലും ഹെൽപ് ഡസ്‌ക് പ്രവർത്തിക്കും. ക്രമസമാധാനപാലനത്തിന് പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിധി നിർണയം കുറ്റമറ്റതാക്കാൻ കർശന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. സമാപന സമ്മേളനം എട്ടിന് വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനംചെയ്യും. മമ്മൂട്ടി വിശിഷ്ടാതിഥിയാവും.