കൊച്ചി: കൊറിയർ വഴി എംഡിഎംഎ ലഭിച്ചതായി കസ്റ്റംസിന്റെ പേരിൽ വ്യാജ സന്ദേശം അയച്ച് ഡോക്ടറുടെ പക്കൽ നിന്നും 41.61 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ മൂന്നു പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മലപ്പുറം സ്വദേശികളായ ബാസിത്(26), ഹാഷി(29), അമീർ അലി ഫൈസൽ(42) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ കഴിഞ്ഞയാഴ്ച നാലുപേർ അറസ്റ്റിലായിരുന്നു. മലപ്പുറം ചെമ്മലശേരിയിലെ എൻ. മുഹമ്മദ് അഫ്സൽ (27), കുഞ്ഞലവി (27), കൊളത്തൂരിലെ നിസാമുദീൻ ഐബക് (20), സിദിഖ് അഖ്ബർ (23) എന്നിവർ റിമാൻഡിലാണ്. ഇടപ്പള്ളി സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ഡോക്ടർക്കു വന്ന കൊറിയറിൽ എംഡിഎംഎ, പാസ്പോർട്ട് ഉൾപ്പെടെയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന് പറഞ്ഞ് കസ്റ്റംസെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം വിളിച്ചത്. അക്കൗണ്ടുകളുടെ പരിശോധന ആവശ്യമുണ്ടെന്നും അറിയിച്ചു.

പിന്നീട് റിസർവ് ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരിൽ ഡോക്ടറെ ബന്ധപ്പെട്ടു. അവർ നൽകുന്ന അക്കൗണ്ടിലേക്ക് പണം മാറ്റണമെന്നും പരിശോധനകൾക്ക് ശേഷം 15 മിനിറ്റിനകം തിരികെ ലഭിക്കുമെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് അവർ നൽകിയ അക്കൗണ്ടുകളിലേക്ക് ഡോക്ടർ പണം കൈമാറി. രണ്ട് ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായതായി ഡോക്ടർക്ക് മനസിലായത്. ഇത്തരത്തിൽ 41.61 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. തുടർന്ന് പാലാരിവട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു.