ശബരിമല: ആവശ്യത്തിനുള്ള ഡപ്പി ഇല്ലാത്തതിനാൽ ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷമാകുന്നു. ഇതോടെ അരവണ വിതരണത്തിന് ദേവസ്വം ബോർഡ് നിയന്ത്രണം കടുപ്പിച്ചു. ഒരാൾക്ക് രണ്ട് അരവണ മാത്രമാക്കി വീണ്ടും കുറച്ചു. ആവശ്യത്തിന് അരവണ കിട്ടാതായതോടെ തീർത്ഥാടകർ കടുത്ത നിരാശയിലാണ്. കൗണ്ടറിനു മുൻപിൽ തർക്കവും വാക്കേറ്റവും പതിവായി.തുടർച്ചയായ ആറാം ദിവസമാണ് അരവണക്ഷാമം തുടരുന്നത്. ഇത്രയും ദിവസമായിട്ടും പരിഹാരമുണ്ടാക്കാൻ ദേവസ്വം ബോർഡിനു കഴിഞ്ഞില്ല.

കഴിഞ്ഞ 26നാണ് ഡപ്പി നിർമ്മിക്കുന്നതിനായി പുതിയ രണ്ടു കമ്പനികൾക്ക് കരാർ നൽകിയത്. 30 ലക്ഷം ഡപ്പി വേണമെന്നാണ് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്.
ഇത്രയും ഡപ്പി ഒരുമിച്ചെടുക്കാൻ സ്റ്റോക്ക് ഇല്ലായിരുന്നു. അതിനാൽ കരാർ ലഭിച്ച ശേഷമാണു ഡപ്പി നിർമ്മാണം തുടങ്ങിയത്. കട്ടിയുള്ള കടലാസ് ഒട്ടിച്ചുണ്ടാക്കുന്ന ഡപ്പിയായതിനാൽ ഇത് ഉണങ്ങാനും സമയം വേണം. ഇതിനുള്ള കാലതാമസം കാരണം പുതിയ കമ്പനികൾ ഇന്നലെ ആകെ എത്തിച്ചത് ഒരു ലക്ഷം ഡപ്പിയാണ്.

പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെ ബോർഡ് ഒരാൾക്ക് 2 അരവണയാക്കി വിതരണം വീണ്ടും കുറച്ചു. ഞായറാഴ്ച മുതലാണു നിയന്ത്രണം വന്നത്. ആദ്യം 10 അരവണയാണ് നൽകിയത്. തിങ്കളാഴ്ച അത് അഞ്ചാക്കി കുറച്ചു. ഇപ്പോൾ രണ്ടാക്കി.