കോവളം: സ്‌കൂളിൽനിന്ന് ലാപ്ടോപ്പുകളും പ്രൊജക്ടറുകളും മോഷ്ടിച്ചു കടന്ന കള്ളനു മാനസാന്തരം. ക്ഷമാപണക്കത്തു സഹിതം മോഷണവസ്തുക്കൾ തിരികെ നൽകിയിരിക്കുകയാണ് മാന്യനായ ഈ കള്ളൻ. മോഷ്ടിച്ചു കൊണ്ടു പോയ സാധനങ്ങളെല്ലാം ചാക്കലാക്കി പ്രഥമാധ്യാപികയുടെ വീടിനു മുന്നിൽക്കൊണ്ടുവെച്ചിരിക്കുകയാണ് അജ്ഞാതനായ ഈ കള്ളൻ

വാഴമുട്ടം ഗവ. ഹൈസ്‌കൂളിൽ ക്രിസ്തുമസ് അവധിക്കാണ് മോഷണം നടന്നത്. ക്രിസ്മസ് അവധിക്കുശേഷം, ജനുവരി ഒന്നിന് സ്‌കൂൾ വീണ്ടും തുറന്നപ്പോഴാണ് മോഷണം അറിയുന്നത്. പ്രഥമാധ്യാപികയുടെ വെങ്ങാനൂർ പനങ്ങോടുള്ള വീടിന്റെ മതിലിനു മുകളിൽ മോഷണമുതലുകൾ ചാക്കിൽ കെട്ടിവെച്ചശേഷം അതിനുപുറത്ത് ഒരു കുറിപ്പുമെഴുതിവച്ചാണ് കള്ളൻ മടങ്ങിയത്. വ്യാഴാഴ്ച രാവിലെ 7.30-ഓടെയാണ് പ്രഥമാധ്യാപിക ചാക്കുകെട്ടും അതിനു പുറത്തു പതിച്ചിരുന്ന കത്തും കണ്ടത്. ഇതോടെ അവർ കോവളം പൊലീസിൽ വിവരമറിയിച്ചു. എസ്.എച്ച്.ഒ. എസ്.ബിജോയ് ഉൾപ്പെട്ട പൊലീസ് സംഘമെത്തി സാധനങ്ങൾ സ്റ്റേഷനിലെത്തിച്ചു.

എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികൾക്ക് സ്മാർട്ട് ക്ലാസിനുള്ള ലാപ്ടോപ്പുകളും പ്രൊജക്ടറുകളുമാണ് കാണാതായത്. പ്രഥമാധ്യാപിക ജി.എസ്.ശ്രീജ അന്നുതന്നെ കോവളം പൊലീസിൽ പരാതി നൽകി. പൊലീസ് സംഘം സ്‌കൂളിലെത്തി സി.സി.ടി.വി. അടക്കമുള്ളവ പരിശോധിച്ചു. അന്വേഷണം നടക്കുന്നതിനിടയിലാണ് വ്യാഴാഴ്ച കള്ളൻ മോഷ്ടിച്ച സാധനങ്ങൾ തിരികെ പ്രഥമാധ്യാപികയുടെ വീട്ടിലെ മതിലിൽ കൊണ്ടുവെച്ചശേഷം കടന്നത്.

കള്ളന്റെ കുറിപ്പ് ഇങ്ങനെ:

'എന്റെ അറിവില്ലായ്മകൊണ്ടു ചെയ്തുപോയതാണ്. എന്നോടു ക്ഷമിക്കണം. എന്റെ തെറ്റ് ഞാൻ മനസ്സിലാക്കുന്നു. ഇനി ഞാൻ ഇത് ആവർത്തിക്കില്ല. എന്നോടു ക്ഷമിക്കണമെന്നു ഞാൻ താഴ്മയായി അപേക്ഷിക്കുന്നു. ഐ.ആം റിയലി സോറി ടീച്ചർ. ടീച്ചറിനെ ഇൻസൾട്ട് ചെയ്യാൻ അല്ല ഇവിടെ വെച്ചത്. എനിക്കു വേറെ വഴിയില്ലാത്തതുകൊണ്ടാണ്. ഇത് എന്റെ വീട്ടിൽ അറിഞ്ഞിട്ടില്ല. പ്ലീസ് ടീച്ചർ ഇത് ആരോടും പറയരുത്'.

മോഷണമുതലുകൾ തിരികെ എത്തിച്ച സംഭവത്തോടെ കോവളം എസ്.എച്ച്.ഒ.യും സംഘവും സ്‌കൂളിലെത്തി വീണ്ടും പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. അതേസമയം ലാപ്ടോപ്പുകൾ സൂക്ഷിക്കുന്ന പ്രത്യേക ബോക്‌സുകളുടെ പൂട്ടുകളൊന്നും പൊട്ടിച്ചനിലയിലല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തറനിരപ്പിൽനിന്ന് എട്ടടിയോളം പൊക്കത്തിലാണ് പ്രൊജക്ടറുകൾ സ്ഥാപിച്ചിരുന്നത്. ഇതേത്തുടർന്ന് സ്‌കൂൾ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വിരലടയാളങ്ങളും പൊലീസ് ശേഖരിച്ചു. മോഷ്ടാവ് വിദ്യാർത്ഥിയാണോ മുതിർന്നവരാണോ എന്നത് തീർച്ചപ്പെടുത്തിയിട്ടില്ലെന്ന് കോവളം പൊലീസ് പറഞ്ഞു. സ്‌കൂളിൽനിന്നു ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെ സമ്പൂർണ പരിശോധന പൂർത്തിയായാലേ മോഷ്ടാവിനെ തിരിച്ചറിയാനാകൂയെന്നും അദ്ദേഹം പറഞ്ഞു.