ശബരിമല: ശബരിമലയിലെ ഹോട്ടലുകളിൽ വില തോന്നും പടി. തീർത്ഥാടകരെ പിഴിഞ്ഞെടുക്കുകയാണ് ഹോട്ടലുകളും പാത്രക്കടക്കാരും. ഭക്ഷണ സാധനങ്ങൾക്കെല്ലാം തോന്നും പ്രകാരമാണ് വില. കളക്ടറുടെ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സന്നിധാനത്തെ ഒരു ഹോട്ടലിൽ 4 മസാല ദോശ വാങ്ങിയ തീർത്ഥാടകരോട് 360 രൂപ രൂപ വാങ്ങി. യഥാർഥത്തിൽ 228 രൂപ മാത്രമേ വാങ്ങാവൂ. എന്തുകൊണ്ടാണ് ഇങ്ങനെ ബില്ലു കൊടുത്തതെന്നു കലക്ടർ തിരക്കിയപ്പോൾ മസാലദോശയ്ക്കു കൂട്ടാനായി ചമ്മന്തി നൽകി എന്നായിരുന്നു മറുപടി. ഈ ഹോട്ടലിനു പിഴ ഈടാക്കാനും നോട്ടിസ് നൽകാനും കലക്ടർ നിർദ്ദേശം നൽകി.

പിന്നീട് മറ്റു ഹോട്ടലുകളിൽ എത്തിയ കളക്ടർ ീർഥാടകരിൽ നിന്നു ബില്ലുകൾ വാങ്ങി പരിശോധിച്ചു. അപ്പോഴും കൂടിയ വില ഈടാക്കിയതായി കണ്ടു. നെയ്‌റോസ്റ്റിന് 49 രൂപയാണ് വില എങ്കിലും 75 രൂപ വാങ്ങി. പീസ് കറിക്ക് 48 രൂപയുടെ സ്ഥാനത്ത് 60 രൂപ വാങ്ങി. പാലപ്പത്തിനു 14 രൂപയാണെങ്കിലും 20 രൂപ വാങ്ങി. പൊറോട്ട 15 രൂപയാണെങ്കിലും 20 രൂപ ഈടാക്കി.

പാത്രക്കടകളിലും ഇഷ്ടമുള്ള വില ഈടാക്കുന്നതായി കണ്ടു. തുടർച്ചയായി രണ്ടാം ദിവസമാണ് ജില്ലാ കലക്ടർ സന്നിധാനത്തെ കടകളിൽ പരിശോധന നടത്തിയത്. കടകളിൽ ശുചിത്വം ഇല്ലാത്തതും, ഗുണമേന്മ ഇല്ലാത്ത ഭക്ഷണ വിതരണം ചെയ്യുന്നതും ശ്രദ്ധയിൽപെട്ടു. അമിത വിലയ്ക്ക് പിഴ ഈടാക്കാനും നോട്ടിസ് നൽകാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതനുസരിച്ചു 3 കടകൾക്ക് നോട്ടിസ് നൽകി. പാണ്ടിത്താവളത്തിൽ തീർത്ഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങളും കലക്ടർ വിലയിരുത്തി. ഡപ്യൂട്ടി തഹസിൽദാർമാരായ ബി പ്രദീപ്, സുനിൽ കുമാർ എന്നിവരും കലക്ടർക്ക് ഒപ്പം പങ്കെടുത്തു.