വെച്ചൂച്ചിറ: പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്ത എസ്‌ഐ.യെയും രണ്ട് പൊലീസുകാരെയും മർദിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തൻതറ പത്താഴപ്പാറ വീട്ടിൽ പി.വി.മണി(50) ആണ് അറസ്റ്റിലായത്. പൊലീസുകാരെ ആക്രമിച്ച ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. വെച്ചൂച്ചിറ എസ്‌ഐ. സായിസേനൻ, സി.പി.ഒ. ലാൽ, ഡ്രൈവർ ജോസൺ എന്നിവർക്കാണ് മർദനമേറ്റത്.

വ്യാഴാഴ്ച പകൽ 2.15-ഓടെ ചാത്തൻതറയിലാണ് സംഭവം. ഈ ഭാഗത്ത് മദ്യപാനികളുടെയും സമൂഹവിരുദ്ധരുടെയും ശല്യം വർധിക്കുന്നതായി വിവരം ലഭിച്ചതോ
ടെ പട്രോളിങിന് എത്തിയതായിരുന്നു പൊലീസ്. ഇതിനിടെ വെച്ചൂച്ചിറ കവലയോടുചേർന്ന പൊതുസ്ഥലത്ത് ചിലർ മദ്യപിക്കുന്നതായി കണ്ടെത്തി. ഇവരോട് വിവരങ്ങൾ അന്വേഷിച്ചു. ഒരു വിവരവും പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞ് ഇതൊക്കെ കണ്ടുകൊണ്ടുനിന്ന മണി എത്തി. ഇതിനെ ചോദ്യം ചെയ്തപ്പോൾ മണി അക്രമാസക്തനാവുക ആയിരുന്നു. തന്റെ ഇടതുചെള്ളയിൽ അടിക്കുകയും കൈ ബലമായി പിടിച്ചുതിരിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തതായി എസ്‌ഐ. സായിസേനൻ പറഞ്ഞു.

തടയാനെത്തിയ പൊലീസുകാരെയും പിടിച്ചുതള്ളി കുത്തിനുപിടിക്കുകയും ചെയ്തു. ഇവർ പെരുനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും, കൈയ്ക്ക് സാരമായ പരിക്കുള്ളതിനാൽ എസ്‌ഐ. പിന്നീട് താലൂക്കാശുപത്രിയിലും ചികിത്സ തേടി. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ ഒരു പീഡന കേസിൽ പ്രതിയായിരുന്ന മണി ജാമ്യത്തിലിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. തടിപ്പണിക്കാരനായ ഇയാളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്.