- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധ രാത്രി ചരക്കുലോറി വീട്ടിലേക്ക് പാഞ്ഞു കയറി; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അഴിയൂർ: നിയന്ത്രണം വിട്ടെത്തിയ ചരക്കു ലോറി അർധരാത്രി ദേശീയപാതയ്ക്ക് അരികിലെ വീട്ടിലേക്ക് പാഞ്ഞു കയറി. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്. പാഞ്ഞെത്തിയ ലോറി വീടിന് മുൻ വശത്തെ ഷോ വാളിൽ തട്ടി നിൽക്കുകയായിരുന്നു. ഈ ഭാഗത്തെ മുറിയിൽ കുടുംബം ഉറങ്ങുന്നുണ്ടായിരുന്നു. വൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വിവരം അറിയുന്നത്. വ്യാഴം രാത്രി 12.15 നാണ് സംഭവം. വീടിന്റെ മുന്നിലെ മതിലും ഗേറ്റും തകർന്നു. ചുമരിന് വിള്ളൽ വന്നു.
അഴിയൂർ ചുങ്കം ദേശീയപാതയിൽ എസ്‌ബിഐയ്ക്ക് സമീപം പൂഴിപ്പറമ്പത്ത് ഫാത്തിമ വില്ല എന്ന വീട്ടിലേക്കാണ് ലോറി പാഞ്ഞു കയറിയത്. ഗൃഹനാഥയായ ഫാത്തിമയും മകളും മകളുടെ ഭർത്താവും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. പാലക്കാട് നിന്നു തളിപ്പറമ്പിലേക്ക് കമ്പിയുമായി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന മീൻ വണ്ടിക്ക് സൈഡ് കൊടുക്കുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിടുകയായിരുന്നു എന്നു പറയുന്നു.
നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവർ ആലക്കോട് സ്വദേശി ജിജോ മാത്യു മാഹി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. ചോമ്പാല പൊലീസ് സ്ഥലത്ത് എത്തി. 3 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു. ഫാത്തിമയുടെ പരാതി പ്രകാരം പൊലീസ് കേസ് എടുത്തു.