തിരുവനന്തപുരം: 2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2023ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് പരിഗണിക്കുക.

കഥാചിത്രങ്ങൾ ഓപൺ ഡി.സി.പി (അൺഎൻക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമർപ്പിക്കണം. അക്കാദമി വെബ്‌സൈറ്റായ www.keralafilm.comൽനിന്ന് അപേക്ഷാഫോറവും നിയമാവലിയും നിബന്ധനകളും ഡൗൺലോഡ് ചെയ്യാം.

തപാലിൽ ലഭിക്കാൻ 25 രൂപ സ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ സ്മാരകം, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്, സൈനിക് സ്‌കൂൾ പി.ഒ, കഴക്കൂട്ടം, തിരുവനന്തപുരം -695 585 എന്ന വിലാസത്തിൽ അയക്കണം. തിരുവനന്തപുരം ജനറൽ ആശുപത്രി ജങ്ഷനിലെ ട്രിഡ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന അക്കാദമി സിറ്റി ഓഫിസിൽനിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പ് അക്കാദമി ഓഫിസിൽ ലഭിക്കണം.