- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ പതിനെട്ടാം പടികയറുന്നതിനിടെ തീർത്ഥാടകന് പൊലീസ് മർദനം; ബംഗുളുരുവിൽ നിന്നുള്ള യുവാവിന്റെ ശരീരത്തിൽ അടിയേറ്റ് തിണിർത്ത പാടുകൾ
ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടികയറുന്നതിനിടെ തീർത്ഥാടകന് പൊലീസിന്റെ മർദ്ദനമേറ്റതായി പരാതി. ബംഗുളുരു മൈസൂർ റോഡ് ടോൾ ഗേറ്റ് കസ്തൂരി വൈ നഗറിൽ എസ്. രാജേഷ് (30) നാണ് മർദ്ദനമേറ്റത്. ശരീരത്തിന്റെ പിൻഭാഗത്ത് പല ഭാഗങ്ങളിലും അടിയേറ്റ് തിണിർത്ത പാടുകളുണ്ട്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.
ബംഗുളുരുൽ നിന്നും എത്തിയ 22 അംഗ സംഘത്തോടൊപ്പം ശബരിമല ദർശനത്തിന് എത്തിയതായിരുന്നു രാജേഷ്. സംഘാംഗമായ മുരളിയുടെ ആറു വയസ്സുകാരനായ മകൻ രാജേഷിനൊപ്പം ആണ് പടി ചവിട്ടിയത്. ഒപ്പം ഉണ്ടായിരുന്ന കുട്ടി വേഗത്തിൽ പടി കയറുന്നില്ല എന്ന് ആരോപിച്ച് പൊലീസുകാർ തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു.
മർദ്ദനത്തിൽ പരിക്കേറ്റ രാജേഷിനെ ഒപ്പമുണ്ടായിരുന്നവർ സന്നിധാനം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി ദയാനന്ദ് (24) നും പതിനെട്ടാം പടിയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് കഴിഞ്ഞ ദിവസം സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ സന്നിധാനം എഡിഎമ്മിൽ തേടിയതായും വിശദമായ അന്വേഷണം നടത്തുമെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ