- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിസ്സാര കാരണത്തിന് പോലും തീവണ്ടിയിൽ ചങ്ങല വലിച്ച് യാത്രക്കാർ; പാലക്കാട് ഡിവിഷനിൽ പത്ത് മാസത്തിനിടെ അപായച്ചങ്ങല വലിച്ചത് 614 തവണ
കണ്ണൂർ: തീവണ്ടിയിൽ അപായച്ചങ്ങല 'വലി'ക്കുന്നത് കൂടുന്നു. നിസ്സാര കാരണത്തിന് പോലും ചങ്ങല വലിക്കുകയാണ് യാത്രക്കാർ. പാലക്കാട് പത്തു മാസത്തിനുള്ളിൽ ചങ്ങല വലിച്ച് തീവണ്ടി നിർത്തിച്ചത് 614 തവണയാണ്. 2023 ജനുവരി തൊട്ട് ഒക്ടോബർ വരെ പാലക്കാട് ഡിവിഷനിൽ രേഖപ്പെടുത്തിയ കണക്കാണിത്. ഒരുമാസം ശരാശരി 61 കേസുകൾ. ഇതുകാരണം 12.48 മണിക്കൂർ വണ്ടികൾ വൈകി.
614 ചങ്ങല വലിയിൽ 446 വലിയും അനാവശ്യവും 168 എണ്ണം ആവശ്യവുമായതാണെന്നും റെയിൽവേ പറയുന്നു. യാത്രാമധ്യേ ജനറൽ കോച്ചുകളിലാണ് കൂടുതൽ ചങ്ങല വലിച്ചത്. പലതിലും ആളെ കിട്ടിയില്ല. ഇതിൽ 283 സംഭവത്തിൽ ആർ.പി.എഫ്് കേസെടുത്തു. വണ്ടി മാറിക്കയറി നിലവിളിച്ചപ്പോൾ സഹയാത്രികർ ചങ്ങല വലിച്ചു, സ്റ്റേഷനിൽ ചായ വാങ്ങാൻ ഇറങ്ങി വണ്ടിവിട്ടപ്പോൾ കൂട്ടുകാർ ചങ്ങല വലിച്ചു തുടങ്ങിയവയാണ് ചില കാരണങ്ങൾ.
2018ൽ പാലക്കാട് ഡിവിഷനിൽ ചങ്ങല വലിച്ച് വണ്ടി നിർത്തിയതിന്റെ 143 ശതമാനം വർധനയാണ് 2023-ൽ റിപ്പോർട്ട് ചെയ്തത്. 2018-ൽ 252 തവണ ചങ്ങല വലിച്ചു. 147 കേസുകൾ രജിസ്റ്റർചെയ്തു. 2019-ൽ 137 വലികളിൽ 77 എണ്ണം 'അനാവശ്യ'മായിരുന്നു. ആസന്നഘട്ടങ്ങളിൽ മാത്രമേ അപായച്ചങ്ങല വലിക്കാവൂവെന്ന് റെയിൽവേ നിർദേശിക്കുന്നു.
ജീവന് അപായം സംഭവിക്കുന്നതുൾപ്പെടെയുള്ള സഹായം ലഭിക്കാനാണ് ചങ്ങലയെ ആശ്രയിക്കേണ്ടത്. അനാവശ്യമായി വലിച്ചാൽ റെയിൽവേ 141 ആക്ട് പ്രകാരം 1000 രൂപ വരെയാണ് പിഴ. അല്ലെങ്കിൽ ഒരുവർഷം തടവുശിക്ഷ.