- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട സങ്കടത്തിൽ അയ്യപ്പഭക്തൻ
പത്തനംതിട്ട: എരുമേലിയിൽ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട തെലങ്കാനയിൽ നിന്നെത്തിയ അയ്യപ്പ ഭക്തരുടെ സംഘത്തിന് സഹായമായി മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിലെ റോഡ് സേഫ് സോൺ ഉദ്യോഗസ്ഥർ ബാഗ് കണ്ടെത്തി തിരികെ നൽകിയപ്പോൾ സംഘം നന്ദി പറഞ്ഞു. മോട്ടോർ വാഹനവകുപ്പ് ഫേസ്‌ബുക്കിലാണ് ഇക്കാര്യം പങ്കുവച്ചത്.
ഫെയ്‌സ് ബുക്ക് കുറിപ്പ്
എരുമേലിയിൽ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടപ്പോൾ തെലുങ്കാനയിൽ നിന്നെത്തിയ ഒരു സംഘം അയ്യപ്പ ഭക്തരുടെ സങ്കടം നാട്ടുകാരെയും വിഷമത്തിലാക്കി. എന്നാൽ മോട്ടോർ വാഹന വകുപ്പിലെ റോഡ് സേഫ് സോൺ ആ സങ്കടം മാറ്റി സന്തോഷം നിറച്ചത് കർമ നിരതരായ ഉദ്യോഗസ്ഥരുടെ മിടുക്കിൽ....
ശനിയാഴ്‌ച്ച ശബരിമല കാനനപാതയിലെ കാളകെട്ടിയിൽ വച്ചാണ് തെലുങ്കാനയിൽ നിന്നും എത്തിയ 40 അംഗ സംഘത്തിലെ രാഹുൽ എന്ന അയ്യപ്പ ഭക്തന്റെ ബാഗ് കാണാതായത്. പണവും രേഖകളും അടക്കം വിലപിടിപ്പുള്ളതൊക്കെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തോടെ പ്രദേശമാകെ ഇവർ തിരയുന്നത് കണ്ടാണ് നാട്ടുകാർ അറിയുന്നത്. അലിവോടെ നാട്ടുകാരും തിരഞ്ഞു. ഈ സമയത്താണ് പട്രോളിങ് ഡ്യൂട്ടിയിൽ മോട്ടോർ വാഹന വകുപ്പിലെ സേഫ് സോൺ ഉദ്യോഗസ്ഥർ അതുവഴി എത്തിയത്. വിവരം അറിഞ്ഞ ഇവർ സ്വാമിമാർ യാത്ര ചെയ്ത് എത്തിയത് എങ്ങനെ എന്ന് ചോദിച്ചറിഞ്ഞു.
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷകളിലാണ് എത്തിയതെന്ന് ഇവർ പറഞ്ഞതോടെ ഈ ഓട്ടോറിക്ഷകളിൽ അന്വേഷണം നടത്താൻ സേഫ് സോൺ ഉദ്യോഗസ്ഥർ എരുമേലിയിലെ സേഫ് സോൺ ഓഫിസിലേക്ക് നിർദ്ദേശം നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എരുമേലി ബസ് സ്റ്റാൻഡിന് സമീപത്ത് ഓട്ടോറിക്ഷയ്ക്കുള്ളിൽ മറന്നുവെച്ച നിലയിൽ ബാഗ് കണ്ടെത്തുകയായിരുന്നു. ബാഗ് ഉണ്ടായിരുന്ന വിവരം ഓട്ടോ ഡ്രൈവർ അറിഞ്ഞിരുന്നില്ല. മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർമാരായ നജീബ്, ജയപ്രകാശ്, സെബാസ്റ്റ്യൻ, വകുപ്പിലെ ഡ്രൈവർമാരായ റെജി എ സലാം, അജേഷ് എന്നിവരാണ് ബാഗ് കണ്ടെത്തി നൽകുന്നതിൽ ഭക്തർക്ക് തുണയായത്.
എരുമേലി സേഫ് സോൺ ഓഫീസിൽ വെച്ച് സ്വാമിമാർ ബാഗ് ഏറ്റുവാങ്ങി. ബാഗിൽ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ശബരിമല യാത്രയിൽ ഭഗവാന്റെ അനുഗ്രഹം പോലെ കേരളത്തിന്റെ ഉദ്യോഗസ്ഥർ തങ്ങളെ സഹായിച്ചതിൽ മറക്കാൻ കഴിയാത്ത സ്നേഹവും നന്ദിയും ഉണ്ടെന്ന് ഭക്തർ പറഞ്ഞു. ശരണം വിളിച്ച് സ്തുതി ചൊല്ലി നന്ദി പറഞ്ഞ സംഘം ശബരിമല ദർശനത്തിനായി യാത്ര തിരിച്ചു.
ചിത്രം.
നഷ്ടപ്പെട്ട ബാഗ് എരുമേലി സേഫ് സോൺ ഓഫീസിൽ വെച്ച് സ്വാമിമാർ ഏറ്റുവാങ്ങുന്നു.