ഇടുക്കി: പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാർ എസ്റ്റേറ്റിലെ തൊഴിലാളിയായ പരിമളമാണ് മരിച്ചത്. രാവിലെ 7.45 ഓടേയാണ് സംഭവം.

ആറ് കാട്ടാനകൾ അടങ്ങുന്ന കൂട്ടമാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. രാവിലെ തേയിലത്തോട്ടത്തിൽ ജോലിക്കു പോയ തൊഴിലാളികൾക്കു നേരെ ഒരാന പാഞ്ഞടുക്കുകയായിരുന്നു. മറ്റ് തൊഴിലാളികൾ ഓടിരക്ഷപെട്ടെങ്കിലും പരിമളത്തിന് രക്ഷപെടാൻ സാധിച്ചില്ല. ആക്രമണത്തിന് ശേഷം കാട്ടാന കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചു. നാട്ടുകാർ ബഹളം വെച്ചത്തോടെയാണ് ഇവ പിന്മാറിയത്.

ഗുരുതരമായി പരിക്കേറ്റ പരിമളത്തെ ആദ്യം രാജകുമാരിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് എത്തിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.