- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പബ്ലിക് ദിന ചടങ്ങിൽ അതിഥിയായി ലോട്ടറി കച്ചവടക്കാരന് ക്ഷണം
തിരുവനന്തപുരം: ലോട്ടറിയേക്കാളും വലിയ സമ്മാനം അടിച്ചതിന്റെ സന്തോഷത്തിലാണ് ആറ്റിങ്ങലിലെ ലോട്ടറി കച്ചവടക്കാരനായ രാജേന്ദ്രൻ. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന പരിപാടികളിൽ അതിഥിയായി പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചിരിക്കുകയാണ് ഇദ്ദേഹത്തിന്. രാജേന്ദ്രനൊപ്പം ഭാര്യ ബേബിക്കും ക്ഷണമുണ്ട്. തികച്ചും അപ്രതീക്ഷിതമായി ലഭിച്ച പ്രധാനമന്ത്രിയുടെ ക്ഷണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ആലംകോട് തൊപ്പിച്ചന്ത ഇടയിക്കോട് കോളനി ആർ.ബി.ഭവനിൽ കെ.ജെ.രാജേന്ദ്രനും കുടുംബവും.
കേരളത്തിൽ നിന്നും രാജേന്ദ്രനുൾപ്പെടെ മൂന്ന് വഴിയോരക്കച്ചവടക്കാർക്കാണ് റിപ്പബ്ലിക് ദിന ചടങ്ങുകളിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുള്ളത്. വഴിയോരക്കച്ചവടക്കാർക്ക് നഗരസഭയിലെ ദേശീയ നഗര ഉപജീവന മിഷൻ (നാഷണൽ അർബൻ ലൈവ്ലി ഹുഡ് മിഷൻ) പദ്ധതിപ്രകാരം നൽകിവരുന്ന പി.എം.സ്വാനിധി വായ്പ മൂന്നുഘട്ടവും എടുത്തയാളാണ് രാജേന്ദ്രൻ. ഈ വായ്പാ പദ്ധതിയിൽ കൃത്യമായി പണം തിരിച്ചടച്ചതാണ് രാജേന്ദ്രന് മുന്നിൽ പ്രധാനമന്ത്രിയിലേക്കുള്ള വാതിൽ തുറന്നത്.
ഡൽഹിയിലേക്ക് ക്ഷണം ലഭിച്ച വിവരം ആറ്റിങ്ങൽ നഗരസഭാധികൃതരാണ് രാജേന്ദ്രനെ അറിയിച്ചത്. ഇതോടെ സന്തോഷത്തിന്റെ കൊടുമുടിയിലെത്തിയിരിക്കുകയാണ് രാജേന്ദ്രനും കുടുംബവും. ലോട്ടറിക്കച്ചവടത്തിനായി പി.എം.സ്വാനിധി പ്രകാരം മണനാക്ക് ഐ.ഒ.ബി.യിൽ നിന്നും ആദ്യം രാജേന്ദ്രൻ 10,000 രൂപ വായ്പയെടുത്തു. ഇത് അടച്ചുതീർത്തപ്പോൾ 20,000 രൂപയുടെ വായ്പ നൽകി. അതും അടച്ചുകഴിഞ്ഞപ്പോൾ 50,000 രൂപ വായ്പ ലഭിച്ചു. പദ്ധതിപ്രകാരം മൂന്ന് ഘട്ടം വായ്പയെടുക്കുകയും മുടക്കമില്ലാതെ തിരിച്ചടവ് നടത്തുകയും ചെയ്യുന്നവരിൽ നിന്നാണ് രാജേന്ദ്രനെ റിപ്പബ്ലിക് ദിന പരിപാടികളിലേക്ക് ക്ഷണിച്ചത്.
30 വർഷമായി ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നയാളാണ് രാജേന്ദ്രൻ. 24-ന് രാവിലെ രാജേന്ദ്രനും ഭാര്യയ്ക്കും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് പോകാനുള്ള സംവിധാനങ്ങളാണ് കേന്ദ്രം നടത്തിയിട്ടുള്ളതെന്ന് നഗരസഭാധ്യക്ഷ എസ്.കുമാരി പറഞ്ഞു. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം ചില ആവശ്യങ്ങൾക്ക് പോയിട്ടുള്ള രാജേന്ദ്രൻ ആദ്യമായാണ് ഡൽഹിയിലേക്ക് പോകുന്നത്. വിമാനത്തിൽ കയറുന്നതും ആദ്യമായാണ്. താര, ബീര എന്നിവരാണ് രാജേന്ദ്രന്റെ മക്കൾ.