രാജാക്കാട്: മുൻവൈരത്തിന്റെ പേരിൽ യുവാവിനെ ഒരുകൂട്ടം ആളുകൾ വഴിയിൽ തടഞ്ഞ് മർദിച്ചു. ഇതോടെ യുവാവ്, കൈയിലുണ്ടായിരുന്ന എരിവുള്ള ഭക്ഷണം മർദിച്ചവരുടെ കണ്ണിലെറിഞ്ഞു. ഇരുകൂട്ടരുടെയും പരാതിയിൽ പൊലീസ് കേസെടുത്തു.

പ്രദേശവാസിയായ യുവാവും സമീപവാസിയും തമ്മിലാണ് അടിപിടി ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ നേരത്തെ തന്നെ തർക്കമുണ്ടായിരുന്നു. യുവാവിന്റെ പോത്ത്, അയൽവാസിയുടെ കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചിരുന്നു. ഇരുകൂട്ടരും തമ്മിൽ വാക്പോരും നടന്നു.

കഴിഞ്ഞ ദിവസം രാത്രി യുവാവ്, മമ്മട്ടിക്കാനത്തെ കടയിൽനിന്ന് ഭക്ഷണം വാങ്ങി തിരികെ വരുമ്പോഴാണ് അയൽവാസിയും മകനും സുഹൃത്തുക്കളും ചേർന്ന് മർദിച്ചത്. ഇവർ മദ്യലഹരിയിലായിരുന്നുവെന്നും യുവാവിന്റെ പരാതിയിലുണ്ട്. യുവാവ് തങ്ങളെ മർദിച്ചുവെന്നും ആയുധംകൊണ്ട് മുറിവേൽപ്പിച്ചെന്നുമാണ് എതിർവിഭാഗത്തിന്റെ പരാതി.