- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്ന ജാമ്യമില്ലാ കേസിലെ പ്രതികളായ ഗൺമാന്മാരെ അറസ്റ്റു ചെയ്യാത്ത പൊലീസ് രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തത് ഇരട്ടനീതി; യുഡിഎഫിനെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്ന് വിഡി സതീശൻ
ചാലക്കുടി: പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒളിവിൽ പോയ ആളോ കൊക്കേസിലെ പ്രതിയോ അല്ല യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഡി.ജി.പി ഓഫീസ് മാർച്ചിൽ പങ്കെടുക്കുകയും ജയിലിലായ സഹപ്രവർത്തകരെ സന്ദർശിക്കുകയും ജയിൽ മോചിതരായവർക്ക് സ്വീകരണം നൽകുകയും ജനകീയ വിചാരണ സദസുകളിൽ പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ് രാഹുൽ. എന്നിട്ടാണ് വീട്ടിലെത്തി വാതിലിൽ മുട്ടിവിളിച്ച് ബലപ്രയോഗത്തിലൂടെ ഷോ കാണിച്ച് അറസ്റ്റു ചെയ്തത്. അറസ്റ്റിലൂടെ യൂത്ത് കോൺഗ്രസിനെയും യു.ഡി.എഫിനെയും ഭയപ്പെടുത്താമെന്ന് പിണറായി വിജയൻ കരുതേണ്ട.
ജാമ്യം എടുക്കില്ലെന്നും സഹപ്രവർത്തകരെ പോലെ ജയിലിൽ പോകാൻ തയാറാണെന്ന് പറഞ്ഞ ആളാണ് രാഹുൽ മാങ്കൂട്ടത്തിൽ. തലയിൽ അടിയേറ്റതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ നാലഞ്ച് ദിവസം ചികിത്സയിലായിരുന്നു. ചികിത്സയെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞിരുന്ന ആളെയാണ് പൊലീസ് അറസ്റ്റു ചെയ്തത് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രി ആരെയാണ് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത്. കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഗൺമാന്മാർ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുകയാണ്. മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്ത അവരെ അറസ്റ്റു ചെയ്യില്ല.
ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ആളെ രക്ഷിച്ച് കൂട്ടിക്കൊണ്ടു പോയ സിപിഎം ഏര്യാ സെക്രട്ടറിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ചാലക്കുടി എസ്‌ഐയെ പേപ്പട്ടിയെ പോലെ റോഡിലിട്ട് തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എസ്.എഫ്.ഐ നേതാവിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതൊക്കെ ഇരട്ട നീതിയാണ്. തോന്ന്യാസം കാട്ടിയ എസ്.എഫ്.ഐ- ഡിവൈഎഫ്ഐ നേതാക്കളെ പാൽക്കുപ്പിയുമായാണ് കൂട്ടിക്കൊണ്ടു പോയത്. യൂത്ത് കോൺഗ്രസ് സംസഥാന അധ്യക്ഷനെ വീട്ടിൽക്കയറി അറസ്റ്റു ചെയ്തതിന് തക്കതായി തിരിച്ചടി സർക്കരിന് ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകുന്നു. കേസിലെ ഒന്നാം പ്രതിയായ എന്നയെും അറസ്റ്റ് ചെയ്യാൻ വീട്ടിലേക്ക് വരട്ടേ. ആരെയാണ് മുഖ്യമന്ത്രി പേടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ മുഖ്യമന്ത്രിയെ പോലും നോക്കുകുത്തിയാക്കിയുള്ള ഉപജാപക സംഘമാണ് ഇതിനൊക്കെ പിന്നിൽ. അവർ കാൽ നൂറ്റാണ്ട് മുൻപ് ജീവിക്കേണ്ട ആളുകളാണ്. ഇതിനെതിരെ ജനാധിപത്യ കേരളം ശക്തമായി പ്രതകരിക്കും. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ വീട്ടിൽ കയറി അറസ്റ്റു ചെയ്താൽ കേരളത്തിലെ യൂത്ത് കോൺഗ്രസുകാരെല്ലാം ഭയപ്പെടുമെന്നാണ് കരുതുന്നത്. ഒരു കാലത്തും ഇല്ലാത്ത തരത്തിൽ അധികാരത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ് കാണിക്കുന്നത്.-സതീശൻ പറഞ്ഞു.