- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറമ്പിൽ കണ്ടത് മൂർഖനാണെന്നു കരുതി വീട്ടുകാർ പാമ്പുപിടുത്ത വിദഗ്ധനെ വിളിച്ചു; പിടികൂടിയത് ഉഗ്രനൊരു രാജവെമ്പാലയെ
വയനാട്: പറമ്പിൽ കണ്ടത് മൂർഖനാണെന്നു കരുതിയാണ് വീട്ടുകാർ പാമ്പുപിടുത്ത വിദഗ്ധനെ വിളിച്ചത്. എന്നാൽ, പാമ്പുപിടിത്ത വിദഗ്ധൻ സുജിത്ത് വയനാട് വന്നുനോക്കിയപ്പോൾ കണ്ടെത്തിയത് രാജവെമ്പാലയെ. പേരിയ 38 ലെ ചക്കിട്ടമുറി ബെന്നിയുടെ വീട്ടുപറമ്പിലെ മുളങ്കൂട്ടത്തിനടുത്തായാണ് വിഷ പാമ്പിനെ കണ്ടത്.
മൂർഖൻ പാമ്പ് ആണെന്ന് കരുതിയാണ് വീട്ടുകാർ സുജിത്തിനെ വിവരമറിയിച്ചത്. സുജിത് വന്നുനോക്കിയപ്പോൾ ആദ്യം പാമ്പിനെ കണ്ടില്ല. മുളങ്കൂട്ടത്തിലൊളിച്ച പാമ്പിനെ പിടികൂടുക പ്രയാസമാണെന്നും പിന്നീട് പിടിക്കാൻ സാധിക്കുന്ന സാഹചര്യത്തിൽ കാണുകയാണെങ്കിൽ അറിയിച്ചാൽ മതിയെന്നും പറഞ്ഞ് സുജിത്ത് മടങ്ങാനൊരുങ്ങുകയായിരുന്നു.
പാമ്പിനെ കണ്ടതോടെ പുറത്തിറങ്ങി നടക്കാൻ ഭയമാണെന്ന് വീട്ടുകാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തിരിച്ചുപോകുംമുമ്പ് ഒന്നുകൂടി പരിശോധിക്കുകയായിരുന്നു സുജിത്ത്. വിശദമായി പരിശോധിക്കുന്നതിനടിയിലാണ് പാമ്പിനെ കണ്ടത്. അതോടെ, വീട്ടുകാർ പറഞ്ഞ രീതിയിൽ കേവലമൊരു മൂർഖനല്ല, ഉഗ്രനൊരു രാജവെമ്പാല തന്നെയാണ് മുളങ്കൂട്ടത്തിൽ ഒളിച്ചിരിക്കുന്നതെന്ന് വ്യക്തമായി.
തുടർന്ന് പാമ്പിനെ പിടിക്കാനായി സുജിത്തിന്റെ നീക്കം. പിടികൂടുന്നതിനിടെ, അരുവിയിലേക്ക് ചാടിയ പാമ്പ് കുറഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ അതിവേഗം നീന്തി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ, വിട്ടുകൊടുക്കാതെ സുജിത് പാമ്പിനെ പിന്തുടർന്നു. ഒടുവിൽ അരുവിയിൽനിന്ന് കരകയറി രക്ഷപ്പെടാൻ അനുവദിക്കാതെ സാഹസികമായി പാമ്പിനെ പിടികൂടുകയായിരുന്നു. കൈയിൽ കരുതിയ സഞ്ചിയിലാക്കിയ രാജവെമ്പാലയെ സുജിത് വരയാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഇതിനെ പിന്നീട് വനത്തിൽ വിടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ