തിരുവനന്തപുരം: അംഗൻവാടി പ്രവർത്തകയെ വാർഡ് മെമ്പർ തള്ളി താഴെയിട്ടതായി പരാതി. തോളെല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് അംഗൻവാടി പ്രവർത്തകയായ ശ്രീകുമാരി വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. കാന്തലംകോണം വാർഡ് മെമ്പർ ഹരിക്കെതിരെയാണ് ശ്രീകുമാരി പരാതി നൽകിയത്. അംഗണവാടിയിൽ വെള്ളം ലഭിക്കാത്തതിനേത്തുടർന്നുണ്ടായ സംഭവങ്ങളാണ് അക്രമത്തിൽ കലാശിച്ചത്.

കഴിഞ്ഞ ഒന്നരമാസമായി കാന്തലകോണം വാർഡിലെ 14 കുട്ടികൾ പഠിക്കുന്ന അംഗൻവാടിയിൽ വെള്ളം ഇല്ലാതായിട്ട്. ഇതേ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അംഗൻവാടിയിൽ വെള്ളമില്ലെന്ന് പലതവണ മെമ്പർമാരോട് ആവശ്യപ്പെട്ടിട്ടും പരിഹാരം കണ്ടെത്തിയില്ലെന്ന് പരാതിയിൽ പറയുന്നു.

വെള്ളത്തിന്റെ ക്ഷാമം കണക്കിലെടുത്ത് കുഞ്ഞുങ്ങളെ പ്രഭാതകർമ്മങ്ങൾ നടത്തിയ ശേഷംമാത്രമേ അംഗൻവാടിയിൽ കൊണ്ടുവരാവൂ എന്ന് രക്ഷാകർത്താക്കളെ അറിയിച്ചിരുന്നു. തുടർന്ന് രക്ഷാകർത്താക്കൾ കന്നാസുകളിൽ വെള്ളം അംഗൻവാടിയിൽ എത്തിച്ചു. കന്നാസുകളിൽ കൊണ്ടുവന്ന വെള്ളത്തിന്റെ ചിത്രം, ഒന്നരമാസമായി അംഗൻവാടിയിൽ വെള്ളമില്ല എന്ന അടിക്കുറിപ്പോടെ ശ്രീകുമാരി വാട്സ് ആപ്പ് സ്റ്റാറ്റസാക്കിയിരുന്നു. ഇതോടെയാണ് പ്രശനങ്ങളുടെ തുടക്കം.

തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ അംഗൻവാടിയിൽ എത്തുകയും വാർഡ് മെമ്പറെ അംഗൻവാടിയിലേക്ക് വിളിപ്പിക്കുകയുമുണ്ടായി. അടിയന്തര യോഗത്തിനായി മറ്റുള്ളവരെ വിളിക്കുന്നതിനിടെ വാർഡ് മെമ്പറായ ഹരികുമാർ അംഗൻവാടി പ്രവർത്തകരോട് കുട്ടികളുടെ മുന്നിൽവച്ച് മോശമായി സംസാരിച്ചെന്നാണ് ആരോപണം.

ജോലി തെറിപ്പിക്കുമെന്ന് പറഞ്ഞ ഇയാൾ അംഗൻവാടി ജീവനക്കാരിയെ പിടിച്ചു തള്ളി. അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ എത്തിക്കുകയും പരിശോധനയിൽ തോളലിന് പൊട്ടലുള്ളതായി കണ്ടെത്തുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.