കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിൽ വീണ്ടും വന്മയക്കുമരുന്ന് വേട്ട. പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് 134 . 178 ഗ്രാം മെത്താ ഫിറ്റമിൻ ബുള്ളറ്റിൽ കടത്തുകയായിരുന്ന യുവാവ് പിടിയിലായത്.

എടക്കാട് കുറുവ പാലത്തിന് സമീപം സബീന മൻസിൽ സി.എച്ച് മുഹമ്മദ് ഷരീഫാ (34) ണ് അറസ്റ്റിലായത്. ഇയാൾ സഞ്ചരിച്ച ബുള്ളറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്‌ച്ച രാത്രി പത്തുമണിക്ക് നടത്തിയ വാഹനപരിശോധനയിൽ കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സി.ഷാബു , പ്രിവന്റീവ് ഓഫിസർമാരായ കെ.സി. ഷിബു, ആർ.പി അബ്ദുൾ നാസർ ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ സി. സുജിത്ത്, സി.ഇ. ഒ.വിഷ്ണു, വനിതാ സിഇഒ. പി. സീമ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് ടുറിസ്റ്റു ഹോട്ടലുകളും ആളൊഴിഞ്ഞ സ്ഥലങ്ങളും കേന്ദ്രീകരിച്ചു മയക്കുമരുന്ന് വിൽപ്പന വ്യാപകമാണെന്ന രഹസ്യവിവരം ലഭിച്ചതു പ്രകാരമാണ് എക്‌സൈസ് പരിശോധന ശക്തമാക്കിയത്. ചില ആഡംബര ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ചു കഴിഞ്ഞ പുതുവത്സര ദിനത്തിൽ മയക്കുമരുന്ന് ഡി.ജെ. പാർട്ടി നടന്നിരുന്നുവെന്നാണ് എക്‌സൈസ് നൽകുന്ന വിവരം.

വാഹനത്തിൽ നിന്നും ഇയാളുടെ ശരീരത്തിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പത്തുവർഷം വരെ 20 ലക്ഷം വരെ ലഭിക്കാവുന്ന കുറ്റമാണിതെന്ന് എക്‌സൈസ് പറഞ്ഞു. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നാണ് യുവാവിൽ നിന്നും പിടികൂടിയത്. ബംഗ്‌ളൂരിൽ നിന്നുമാണ് രാസലഹരി എത്തിച്ചതെന്നാണ് ഇയാൾ മൊഴിനൽകിയിട്ടുള്ളത്. എന്നാൽ പിടിയിലായ പ്രതിക്കു പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് എക്‌സൈസ് അറിയിച്ചു. പ്രതിയെ വടകര നാർക്കോട്ടിക്ക് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.